തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടത് മുന്നണി നേരിട്ട കനത്ത തിരിച്ചടിക്ക് പിന്നാലെ, സി.പി.എമ്മിൽ അധികാര വടംവലി രൂക്ഷമാകുന്നു. തന്റെ വിശ്വസ്തനും മരുമകനുമായ പി.എ മുഹമ്മദ് റിയാസിനെ പ്രതിപക്ഷ നേതാവാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ചരടുവലികൾ തുടങ്ങിയതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. എന്നാൽ, മുൻ ധനമന്ത്രി കെ.എൻ ബാലഗോപാൽ കൂടി രംഗത്തെത്തിയതോടെ പാർട്ടിയിൽ പുതിയൊരു ചേരിപ്പോരിന് കളമൊരുങ്ങുകയാണ്.
ന്യൂനപക്ഷ വോട്ടുകൾ ലക്ഷ്യം; റിയാസ് രക്ഷകനാകുമെന്ന് പിണറായി
യു.ഡി.എഫിന്റെ വമ്പിച്ച വിജയത്തിന് പിന്നിൽ ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണമാണെന്നാണ് മുഖ്യമന്ത്രിയുടെയും അദ്ദേഹത്തോട് അടുത്ത വൃത്തങ്ങളുടെയും വിലയിരുത്തൽ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം നിലനിൽക്കുന്നില്ലെന്നും, കേവലം വോട്ട് ധ്രുവീകരണമാണ് തോൽവിക്ക് കാരണമെന്നുമാണ് പിണറായിയുടെ വാദം.
ഈ സാഹചര്യത്തിൽ, അകന്നുപോയ ന്യൂനപക്ഷ വോട്ടുകളെ തിരികെ എത്തിക്കാൻ മുഹമ്മദ് റിയാസിനെക്കാൾ അനുയോജ്യനായ മറ്റൊരാളില്ല എന്നാണ് പിണറായിയുടെ പക്ഷം. കോഴിക്കോട് ജില്ലയിൽ യു.ഡി.എഫ് തരംഗം ആഞ്ഞടിച്ചപ്പോഴും സി.പി.എമ്മിനായി സീറ്റ് നിലനിർത്താൻ കഴിഞ്ഞ ഏക നേതാവ് റിയാസാണെന്നത് ഈ വാദത്തിന് കരുത്തേകുന്നു. റിയാസിന്റെ ജനസ്വാധീനവും യുവനേതൃത്വവും പാർട്ടിയെ തിരിച്ചുകൊണ്ടുവരാൻ സഹായിക്കുമെന്ന് പിണറായിയുടെ ന്യായം.
കൊട്ടാരക്കരയുടെ കരുത്തിൽ ബാലഗോപാൽ
റിയാസിന്റെ സ്ഥാനാരോഹണത്തിന് തടയിടാൻ കൊട്ടാരക്കരയിൽ നിന്ന് ജയിച്ചെത്തിയ കെ.എൻ ബാലഗോപാൽ രംഗത്തുണ്ട്. പാർട്ടിയിൽ റിയാസിനേക്കാൾ സീനിയോറിറ്റിയും ഭരണപരിചയവുമുള്ള ബാലഗോപാലിന് ഒരു വലിയ വിഭാഗം നേതാക്കളുടെ പിന്തുണയുണ്ട്. പ്രതിപക്ഷ നേതാവ് കസേരയിലേക്ക് തന്നെ പരിഗണിക്കണമെന്ന ശക്തമായ നിലപാടിലാണ് അദ്ദേഹം. പരാജയപ്പെട്ട സാഹചര്യത്തിൽ കുടുംബവാഴ്ച എന്ന പഴി ഒഴിവാക്കാൻ ബാലഗോപാലിനെപ്പോലൊരു നേതാവ് വരണമെന്നാണ് പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ ആവശ്യം.
പിണറായിയുടെ വാക്കിന് വില കുറയുമോ?
കനത്ത പരാജയം ഏറ്റുവാങ്ങിയതോടെ പാർട്ടിയിൽ പിണറായി വിജയന്റെ ചോദ്യം ചെയ്യപ്പെടാത്ത അധികാരം നഷ്ടപ്പെട്ടതായാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്. മുഖ്യമന്ത്രിയുടെ താൽപ്പര്യത്തിന് വിരുദ്ധമായി ബാലഗോപാലിന് പിന്തുണയേറുന്നത് ഇതിന്റെ സൂചനയാണ്.