തിരുവനന്തപുരം: നിയമസഭ സമ്മേളനം അവസാനിക്കുമ്പോൾ മാധ്യമപ്രവർത്തകർക്കിടയിലും രാഷ്ട്രീയ നിരീക്ഷകർക്കിടയിലും ഉയരുന്ന പ്രധാന ചർച്ചാവിഷയം പ്രതിപക്ഷത്തിന്റെ ദൗർബല്യമാണ്. ഭരണപക്ഷത്തെ പ്രതിരോധത്തിലാക്കാൻ കൊണ്ടുവരുന്ന ഏത് വിഷയവും ഒടുവിൽ പ്രതിപക്ഷത്തിന് തന്നെ തിരിച്ചടിയാകുന്ന വിചിത്രമായ കാഴ്ചയ്ക്കാണ് സഭ സാക്ഷ്യം വഹിക്കുന്നത്.
എണ്ണക്കുറവല്ല, അനുഭവ സമ്പന്നരുടെ അഭാവം
സഭയിൽ പ്രതിപക്ഷ നിരയിലെ അംഗങ്ങളുടെ എണ്ണക്കുറവ് ഒരു പ്രശ്നമായി തോന്നാമെങ്കിലും, അതിലും വലിയ വെല്ലുവിളി ഭരണപക്ഷത്തെ തറപറ്റിക്കാൻ പോന്ന ശക്തരായ വക്താക്കളുടെ കുറവാണ്. ഉരുളക്ക് ഉപ്പേരി പോലെ മറുപടി നൽകാൻ കെൽപ്പുള്ള മുഖ്യമന്ത്രി മുന്നിൽ നിൽക്കുമ്പോൾ, അതിനെ അതേ നാണയത്തിൽ നേരിടാൻ ശേഷിയുള്ളവരുടെ കുറവ് പ്രതിപക്ഷത്തെ പ്രകടമായി അലട്ടുന്നുണ്ട്. മുഖ്യമന്ത്രി വി. ഡി സതീശന് മുന്നിൽ പ്രതിപക്ഷ നേതാവ് പിണറായി ഇളിഭ്യരാകുന്നത് നിയമസഭയിൽ സ്ഥിരം സംഭവമായി മാറി.
കൂട്ടായ്മയും തന്ത്രങ്ങളും കാണാനില്ല
ഏതൊരു സഭാ സമ്മേളനത്തിലും പ്രതിപക്ഷത്തിന്റെ പ്രകടനം തീരുമാനിക്കുന്നത് അവരുടെ പാർലമെന്ററി പാർട്ടി യോഗങ്ങളിലെ ചർച്ചകളാണ്. ഇറങ്ങിപ്പോക്ക് വേണോ, നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിക്കണോ, ഏത് വിഷയത്തിൽ എത്തരം മുദ്രാവാക്യങ്ങളും ബാനറുകളും ഉയർത്തണം എന്നതൊക്കെ സഭയ്ക്ക് മുൻപ് തീരുമാനിക്കേണ്ട തന്ത്രങ്ങളാണ്. എന്നാൽ, മുന്നണിക്കുള്ളിലെ പ്രതിപക്ഷ ഉപനേതാവ് പദവി തർക്കങ്ങളും ആഭ്യന്തര ഭിന്നതകളും കാരണം ഇത്തരം ആസൂത്രണ യോഗങ്ങൾ കൃത്യമായി നടക്കാത്തത് പ്രതിപക്ഷ സ്ട്രാറ്റജിയെ പൂർണ്ണമായും തകിടം മറിക്കുന്നു.
വ്യക്തമായ ദിശാബോധമില്ലാതെ സഭയിലെത്തുന്ന പ്രതിപക്ഷം സ്വന്തം ഉന്നങ്ങൾ തന്നെ തെറ്റിച്ച് ഭരണപക്ഷത്തിന് എളുപ്പത്തിൽ ജയിച്ചുകയറാൻ അവസരമൊരുക്കുന്ന കാഴ്ചക്കാണ് സഭ സമ്മേളനം സാക്ഷ്യം വഹിച്ചത്.
