തിരുവനന്തപുരം: സംസ്ഥാനത്തെ സ്ത്രീകൾക്കും ട്രാൻസ്ജെൻഡറുകൾക്കും കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ ഏർപ്പെടുത്തിയ സൗജന്യ യാത്രാ പദ്ധതിയായ ‘പ്രിയദർശിനി’യുടെ ഭാഗമായി കെ.എസ്.ആർ.ടി.സിക്ക് 88,23,55,492 കോടി രൂപ അനുവദിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. 2026 സെപ്റ്റംബർ 1 മുതൽ സെപ്റ്റംബർ 30 വരെയുള്ള കാലയളവിലെ വരുമാനക്കുറവ് നികത്തുന്നതിനായാണ് ഈ തുക അനുവദിച്ചിരിക്കുന്നത്.
ഈ കാലയളവിൽ മാത്രം 4,16,41,303 സ്ത്രീ യാത്രക്കാരാണ് പ്രിയദർശിനി പദ്ധതിയുടെ സൗജന്യ യാത്രാ ആനുകൂല്യം പ്രയോജനപ്പെടുത്തിയത്. ഇന്ദിരാ ഗ്യാരണ്ടിയുടെ ഭാഗമായി 2026 ജൂൺ 15 മുതൽ പ്രായഭേദമെന്യേ എല്ലാ സ്ത്രീകൾക്കും ട്രാൻസ്ജെൻഡറുകൾക്കും കെ.എസ്.ആർ.ടി.സി ഓർഡിനറി സർവീസുകളിൽ സൗജന്യ യാത്ര അനുവദിച്ചിരുന്നു.
സെപ്റ്റംബർ മാസത്തെ സാമ്പത്തിക പ്രതിബദ്ധതയായ 88,23,55,492 രൂപ ഐ.ബി.ഡി.എസ് (IBDS) മുഖേന നടപ്പ് സാമ്പത്തിക വർഷത്തെ ബജറ്റ് വിഹിതത്തിൽ നിന്നും കെ.എസ്.ആർ.ടി.സി ചെയർമാൻ & മാനേജിംഗ് ഡയറക്ടറുടെ തിരുവനന്തപുരം ജില്ലാ ട്രഷറി അക്കൗണ്ടിലേക്ക് റിലീസ് ചെയ്യാൻ ഉത്തരവിറങ്ങി.

