തിരുവനന്തപുരം, ഒക്ടോബർ 25, 2026: സംസ്ഥാനത്തെ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര ഉറപ്പാക്കുന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള സർക്കാരിന്റെ അഭിമാന പദ്ധതിയായ ‘പ്രിയദർശിനി’ക്ക് ഇതുവരെ അനുവദിച്ചത് 298.63 കോടി രൂപ. സെപ്റ്റംബർ മാസത്തെ സൗജന്യ യാത്രയുടെ ചെലവ് നികത്തുന്നതിനായി ഒക്ടോബർ 24ന് സർക്കാർ 88.23 കോടി രൂപ കൂടി അനുവദിച്ചതോടെയാണ് പദ്ധതിക്കായി അനുവദിച്ച ആകെ തുക 298.63 കോടി രൂപയായി ഉയർന്നത്.
സ്ത്രീകളുടെ യാത്രാസ്വാതന്ത്ര്യവും സാമ്പത്തിക സുരക്ഷിതത്വവും ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി ചുരുങ്ങിയ മാസങ്ങൾക്കുള്ളിൽ വലിയ ജനപങ്കാളിത്തം നേടിയിരിക്കുകയാണ്. ഓഗസ്റ്റിനെ അപേക്ഷിച്ച് സെപ്റ്റംബറിൽ സൗജന്യ യാത്രകളുടെ എണ്ണത്തിലുണ്ടായ വർധന പദ്ധതിയുടെ സ്വീകാര്യത വ്യക്തമാക്കുന്നു.
സെപ്റ്റംബറിൽ 4.16 കോടി സൗജന്യ യാത്രകൾ
പ്രിയദർശിനി പദ്ധതിയുടെ ഭാഗമായി ഓഗസ്റ്റ് മാസത്തിൽ 3,72,13,381 സൗജന്യ യാത്രകളാണ് രേഖപ്പെടുത്തിയത്. സെപ്റ്റംബറിൽ ഇത് 4,16,41,303 ആയി ഉയർന്നു.
അതായത്, ഒരു മാസത്തിനിടെ 44,27,922 അധിക യാത്രകൾ പദ്ധതിയുടെ ഭാഗമായി നടന്നു. ഓഗസ്റ്റിനെ അപേക്ഷിച്ച് ഏകദേശം 11.9 ശതമാനത്തിന്റെ വർധനയാണ് സെപ്റ്റംബറിൽ രേഖപ്പെടുത്തിയത്.
പ്രതിദിന ശരാശരി കണക്കാക്കിയാൽ സെപ്റ്റംബറിൽ ഏകദേശം 13.88 ലക്ഷം സൗജന്യ യാത്രകളാണ് നടന്നത്.
സ്ത്രീകളുടെ ദൈനംദിന യാത്രകളിൽ പദ്ധതി എത്രത്തോളം സ്വാധീനം ചെലുത്തുന്നുവെന്നതിന്റെ സൂചനയാണിത്.
തൊഴിലിടങ്ങളിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും ആശുപത്രികളിലേക്കും സർക്കാർ ഓഫീസുകളിലേക്കും മറ്റ് ആവശ്യങ്ങൾക്കുമായി യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് പദ്ധതി സാമ്പത്തിക ആശ്വാസം നൽകുന്നു.
സെപ്റ്റംബറിലെ യാത്രയ്ക്ക് 88.23 കോടി; ഒക്ടോബർ 24ന് സർക്കാർ ഉത്തരവ്
സെപ്റ്റംബർ മാസത്തെ സൗജന്യ യാത്രകൾക്കായി കെഎസ്ആർടിസിക്ക് 88.23 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്. ഒക്ടോബർ 24നാണ് തുക അനുവദിച്ചത്.
ഇതോടെ ജൂൺ 15ന് ആരംഭിച്ച പ്രിയദർശിനി പദ്ധതിക്കായി സർക്കാർ അനുവദിച്ച ആകെ തുക 298.63 കോടി രൂപയായി.
സൗജന്യ യാത്ര നടപ്പാക്കുന്നതിലൂടെ കെഎസ്ആർടിസിക്കുണ്ടാകുന്ന വരുമാനക്കുറവ് സർക്കാർ നികത്തുന്ന സംവിധാനമാണ് പദ്ധതിയുടെ സാമ്പത്തിക അടിത്തറ.
ജൂൺ 15ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു
2026 ജൂൺ 15ന് തിരുവനന്തപുരം തമ്പാനൂർ സെൻട്രൽ ബസ് സ്റ്റേഷനിൽ മുഖ്യമന്ത്രി വി.ഡി. സതീശനാണ് പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി ഉദ്ഘാടനം ചെയ്തത്.
സംസ്ഥാനത്തെ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും പൊതുഗതാഗത സംവിധാനം കൂടുതൽ പ്രാപ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിച്ചത്.
സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം വർധിപ്പിക്കുന്നതിനൊപ്പം പൊതുഗതാഗതത്തെ കൂടുതൽ ജനകീയമാക്കാനും പദ്ധതി ലക്ഷ്യമിടുന്നു.
ജൂൺ മുതൽ സെപ്റ്റംബർ വരെ അനുവദിച്ച തുക
പ്രിയദർശിനി പദ്ധതിക്കായി വിവിധ ഘട്ടങ്ങളിലായി കെഎസ്ആർടിസിക്ക് അനുവദിച്ച തുക:
കാലയളവ് അനുവദിച്ച തുക
ജൂൺ 15 – ജൂൺ 30 ₹41.50 കോടി
ജൂലൈ 1 – ജൂലൈ 15 ₹42.86 കോടി
ജൂലൈ 16 – ജൂലൈ 3 ₹46.48 കോടി
ഓഗസ്റ്റ് 1 – ഓഗസ്റ്റ് 31 ₹79.53 കോടി
സെപ്റ്റംബർ 1 – സെപ്റ്റംബർ 30 ₹88.23 കോടി
കെഎസ്ആർടിസിക്ക് വരുമാനനഷ്ടമുണ്ടാകാതിരിക്കാൻ സർക്കാർ സഹായം
പ്രിയദർശിനി പദ്ധതിയുടെ പ്രധാന സവിശേഷതകളിലൊന്ന് സൗജന്യ യാത്രയുടെ സാമ്പത്തിക ബാധ്യത സർക്കാർ ഏറ്റെടുക്കുന്നു എന്നതാണ്.
ഓരോ മാസവും സൗജന്യ യാത്ര അനുവദിക്കുന്നതിലൂടെ കെഎസ്ആർടിസിക്കുണ്ടാകുന്ന വരുമാനക്കുറവ് കണക്കാക്കി സർക്കാരിന് റിപ്പോർട്ട് ചെയ്യും. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ബന്ധപ്പെട്ട തുക സർക്കാർ കെഎസ്ആർടിസിക്ക് അനുവദിക്കുന്നത്.
