തിരുവനന്തപുരം: കേരള അടിസ്ഥാനസൗകര്യ നിക്ഷേപ ബോർഡിന്റെ (KIIFB) പ്രവർത്തനം പഠിക്കാൻ നിയോഗിച്ച ‘കിഫ് ബി റീസ്ട്രക്ചർ കമ്മിറ്റി’യുടെ റിപ്പോർട്ട് പുറത്തുവന്നതോടെ മുൻ എൽ.ഡി.എഫ് സർക്കാരും സി.പി.എമ്മും കടുത്ത പ്രതിസന്ധിയിൽ. കോടികളുടെ സാമ്പത്തിക തിരിമറികളും ഭൂമി കുംഭകോണവും മുതൽ നിയമന വിവാദങ്ങൾ വരെ അക്കമിട്ട് നിരത്തുന്നതാണ് റിപ്പോർട്ട്.
ഇതോടെ, വിവാദങ്ങൾക്ക് മറുപടി നൽകാൻ പ്രതിരോധത്തിലായ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മുംബൈയിൽ ബിസിനസിലേക്ക് കടന്ന മുൻ കിഫ് ബി സി.ഇ.ഒയും മുൻ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയുമായ കെ.എം. എബ്രഹാമിന് അടിയന്തര സന്ദേശം അയച്ചു. കമ്മിറ്റി ഉയർത്തിയ ഗുരുതര ആരോപണങ്ങൾക്ക് അടിയന്തരമായി വിശദീകരണവും മറുപടിയും തയ്യാറാക്കാനാണ് നിർദേശം.
സതീശൻ സർക്കാരിന്റെ കടുപ്പമേറിയ നീക്കം
മെയ് 18-ന് വി.ഡി. സതീശന്റെ നേതൃത്വത്തിൽ പുതിയ യു.ഡി.എഫ് സർക്കാർ അധികാരമേറ്റെടുത്തതിന് തൊട്ടുപിന്നാലെയാണ് കിഫ് ബിയിലെ അഴിമതികളും ക്രമക്കേടുകളും പുനഃപരിശോധിക്കാൻ ‘കിഫ് ബി റീസ്ട്രക്ചർ കമ്മിറ്റി’ രൂപീകരിച്ചത്.
സംസ്ഥാനത്ത് ഭരണമാറ്റം ഉറപ്പായതോടെയും നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് വൻ വിജയം നേടിയതോടെയും, മെയ് ആദ്യവാരത്തിൽ തന്നെ കെ.എം. എബ്രഹാം കിഫ് ബി സി.ഇ.ഒ പദവിയിൽ നിന്ന് രാജി സമർപ്പിച്ചിരുന്നു. തുടർന്ന് ഭരണസിരാകേന്ദ്രങ്ങളിൽ നിന്ന് മാറി അദ്ദേഹം മുംബൈയിലേക്ക് തിരിക്കുകയും അവിടെ സ്വന്തം ബിസിനസ് സംരംഭങ്ങളിലേക്ക് കടക്കുകയും ചെയ്തു.
