തിരുവനന്തപുരം: സംസ്ഥാനത്ത് പ്രവർത്തനം നിലച്ചതും പൂട്ടിക്കിടക്കുന്നതുമായ തോട്ടങ്ങളിലെ തൊഴിലാളികൾക്ക് ഓണാഘോഷത്തിനായി ആശ്വാസ ധനസഹായം പ്രഖ്യാപിച്ച് കേരള സർക്കാർ. തൊഴിലാളികൾക്ക് 1,000 രൂപ വീതം മൂല്യമുള്ള ‘സപ്ലൈകോ ഓണം ഗിഫ്റ്റ് കാർഡുകൾ’ വിതരണം ചെയ്യുന്നതിനായി സർക്കാർ 20.87 ലക്ഷം രൂപ അനുവദിച്ചു.
തൊഴിലില്ലായ്മയും സാമ്പത്തിക ബുദ്ധിമുട്ടുകളും അനുഭവിക്കുന്ന തൊഴിലാളി കുടുംബങ്ങൾക്ക് ഓണക്കാലത്ത് അത്യാവശ്യ ഭക്ഷ്യധാന്യങ്ങളും നിത്യോപയോഗ സാധനങ്ങളും ഉറപ്പാക്കുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ലഭിക്കുന്ന ഗിഫ്റ്റ് കാർഡുകൾ ഉപയോഗിച്ച് തൊഴിലാളികൾക്ക് തങ്ങളുടെ തൊട്ടടുത്തുള്ള സപ്ലൈകോ ഔട്ട്‌ലെറ്റുകളിൽ നിന്ന് ഇഷ്ടാനുസരണം സാധനങ്ങൾ വാങ്ങാൻ കഴിയും.
ഓണത്തോടനുബന്ധിച്ച് പരമ്പരാഗത മേഖലയിലെയും തോട്ടം മേഖലയിലെയും തൊഴിലാളികൾക്ക് കൈത്താങ്ങാകാൻ സർക്കാർ നടപ്പിലാക്കുന്ന പ്രത്യേക സഹായ പദ്ധതികളുടെ ഭാഗമായാണ് ഈ തുക അനുവദിച്ചിരിക്കുന്നത്.
