തിരുവനന്തപുരം: കേരളത്തിൽ ഭരണമാറ്റം സുനിശ്ചിതമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ എൽ.ഡി.എഫ് ക്യാമ്പുകളിൽ കടുത്ത ആശങ്ക. വി.ഡി. സതീശൻ മുഖ്യമന്ത്രിയാകുമോ എന്ന ഭയമാണ് സി.പി.എം കേന്ദ്രങ്ങളെ ഇപ്പോൾ വേട്ടയാടുന്നത്.
വിജയക്കുതിപ്പിന് തടയിട്ട ‘ടീം യു.ഡി.എഫ്’ തന്ത്രം
2016 മുതൽ കേരള രാഷ്ട്രീയത്തിൽ ആധിപത്യം പുലർത്തിയിരുന്ന ഇടതുപക്ഷത്തിന്റെ വിജയക്കുതിപ്പിന് 2021-ൽ സതീശൻ പ്രതിപക്ഷ നേതാവായതോടെയാണ് ബ്രേക്ക് വീണത്. ചിതറിക്കിടന്ന യു.ഡി.എഫിനെ ഒരൊറ്റ ചരടിൽ കോർത്ത് ‘ടീം യു.ഡി.എഫ്’ എന്ന നിലയിലേക്ക് ഉയർത്തിയ സതീശന്റെ മെയ്വഴക്കം ഭരണപക്ഷത്തെ പലപ്പോഴും പ്രതിരോധത്തിലാക്കി. പിണറായി വിജയനെ അതേ നാണയത്തിൽ നേരിടാൻ സതീശൻ കാണിച്ച ആർജ്ജവം അണികളിൽ വലിയ ആവേശം സൃഷ്ടിച്ചിരുന്നു.
ബൂമറാംഗായി മാറിയ രാഷ്ട്രീയ ആക്രമണങ്ങൾ
എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഉപയോഗിച്ചും വർഗീയ ആരോപണങ്ങൾ ഉന്നയിച്ചും സതീശനെ ഒതുക്കാൻ എൽ.ഡി.എഫ് ആവനാഴിയിലെ സകല ആയുധങ്ങളും പുറത്തെടുത്തെങ്കിലും അതൊന്നും ഫലം കണ്ടില്ല. പകരം സതീശൻ ഉയർത്തിയ ഓരോ മറുപടിയും ഭരണപക്ഷത്തിന് നേരെ ‘ബൂമറാംഗ്’ പോലെ തിരിച്ചടിക്കുന്ന കാഴ്ചയാണ് കേരളം കണ്ടത്. വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളിലൂടെ അദ്ദേഹം പൊതുസമൂഹത്തിന്റെ വിശ്വാസ്യത നേടിയെടുത്തു.
പേടി പി.പി. ദിവ്യ മുതൽ പിണറായി വരെ!
അഴിമതിക്കേസുകളിൽ യാതൊരു വിട്ടുവീഴ്ചയും ചെയ്യാത്ത സതീശന്റെ ശൈലിയാണ് സി.പി.എം നേതാക്കളെ ഭയപ്പെടുത്തുന്നത്. നവീൻ ബാബുവിന്റെ മരണത്തിൽ പ്രതിസ്ഥാനത്തുള്ള പി.പി. ദിവ്യ മുതൽ ഉന്നതതലത്തിലുള്ള അഴിമതി ആരോപണങ്ങൾ നേരിടുന്ന മുഖ്യമന്ത്രി പിണറായി വിജയൻ വരെ സതീശൻ മുഖ്യമന്ത്രി കസേരയിൽ എത്തുന്നതിനെ ഭീതിയോടെയാണ് കാണുന്നത്.
”സതീശൻ വന്നാൽ കാര്യങ്ങൾ പഴയതുപോലെയാകില്ല. മുൻകാലങ്ങളിൽ ഉണ്ടായതുപോലെ ‘അഡ്ജസ്റ്റ്മെന്റ്’ അന്വേഷണങ്ങളോ ഒത്തുതീർപ്പുകളോ ഉണ്ടാകില്ലെന്ന് സി.പി.എമ്മിന് കൃത്യമായി അറിയാം. മുഖ്യമന്ത്രി പദത്തിലേക്ക് സതീശൻ എത്തിയാൽ പല പ്രമുഖരും അഴിയെണ്ണേണ്ടി വരുമെന്നത് ഉറപ്പാണ്.”
തോൽവി സമ്മതിച്ച് എൽ.ഡി.എഫ്
തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപേ തന്നെ പരാജയം സമ്മതിച്ച മട്ടിലാണ് സി.പി.എം നേതൃത്വം. സതീശന് പകരം മറ്റാര് വന്നാലും തങ്ങൾക്ക് രക്ഷപെടാൻ പഴുതുകളുണ്ടെന്ന് ഇവർ കണക്കുകൂട്ടുന്നു. അതുകൊണ്ട് തന്നെ കോൺഗ്രസ് മുഖ്യമന്ത്രി ആര് എന്ന ആകാംക്ഷ ജനത്തേക്കാൾ ഉപരി സിപിഎമ്മിനും എൽഡിഎഫിനുമാണ്.