തിരുവനന്തപുരം: കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഗോദയിൽ യുഡിഎഫിന് കരുത്തേകാൻ രാഹുൽ ഗാന്ധി ഇന്ന് എത്തും. #UDF4Keralam എന്ന മുദ്രാവാക്യമുയർത്തി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിക്കുന്ന പൊതുസമ്മേളനങ്ങളിൽ അദ്ദേഹം പ്രസംഗിക്കും. രാവിലെ മുതൽ വൈകുന്നേരം വരെ നീണ്ടുനിൽക്കുന്ന ആവേശകരമായ പര്യടനത്തിനാണ് ഇന്ന് കേരളം സാക്ഷ്യം വഹിക്കുക.
രാഹുൽ ഗാന്ധിയുടെ ഇന്നത്തെ പരിപാടികൾ:
തിരക്കിട്ട പ്രചാരണ പരിപാടികളാണ് ഇന്ന് രാഹുൽ ഗാന്ധിക്കായി നിശ്ചയിച്ചിരിക്കുന്നത്. പ്രധാനമായും നാല് കേന്ദ്രങ്ങളിലാണ് അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്യുന്നത്:
- രാവിലെ 10:15 – ആലപ്പുഴ: മണ്ണഞ്ചേരി പഞ്ചായത്തിലെ കാവുങ്കലിൽ നടക്കുന്ന പൊതുയോഗത്തോടെ പര്യടനത്തിന് തുടക്കമാകും.
- ഉച്ചയ്ക്ക് 12:00 – ഇടുക്കി: ഹൈറേഞ്ചിന്റെ ആവേശം ഏറ്റുവാങ്ങാൻ കട്ടപ്പനയിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ അദ്ദേഹം പങ്കെടുക്കും.
- ഉച്ചയ്ക്ക് 01:45 – കൊച്ചി: ഫോർട്ട് കൊച്ചിയിൽ നടക്കുന്ന പൊതുസമ്മേളനത്തെ അദ്ദേഹം അഭിസംബോധന ചെയ്യും.
- വൈകുന്നേരം 02:45 – എറണാകുളം: കുന്നത്തുനാട് നിയസഭാ മണ്ഡലത്തിലെ പട്ടിമറ്റത്ത് നടക്കുന്ന പൊതുയോഗത്തോടെ ഇന്നത്തെ പര്യടനം സമാപിക്കും.
യുഡിഎഫ് കേന്ദ്രങ്ങളിൽ വലിയ ആവേശം
’കേരളം ജയിക്കും, യുഡിഎഫ് നയിക്കും’ എന്ന സന്ദേശവുമായി മുന്നേറുന്ന യുഡിഎഫ് ക്യാമ്പുകൾക്ക് രാഹുൽ ഗാന്ധിയുടെ വരവ് വലിയ ഊർജ്ജമാണ് പകരുന്നത്. ഭരണവിരുദ്ധ വികാരവും വികസന മുരടിപ്പും പ്രധാന ആയുധമാക്കി മാറ്റുന്ന കോൺഗ്രസ് നേതൃത്വം, രാഹുലിലൂടെ നിഷ്പക്ഷ വോട്ടുകൾ കൂടി ഉറപ്പിക്കാമെന്ന കണക്കുകൂട്ടലിലാണ്.
സന്ദർശനത്തോടനുബന്ധിച്ച് പര്യടന കേന്ദ്രങ്ങളിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഓരോ വേദികളിലും പതിനായിരക്കണക്കിന് പ്രവർത്തകർ എത്തുമെന്നാണ് ഡിസിസി നേതൃത്വങ്ങൾ അറിയിച്ചിട്ടുള്ളത്.
”കേരളത്തിലെ ജനത മാറ്റത്തിനായി ആഗ്രഹിക്കുന്നു. ആ മാറ്റത്തിന് കരുത്തുപകരാനാണ് രാഹുൽ ഗാന്ധി എത്തുന്നത്.” – യുഡിഎഫ് വക്താവ്.