തിരുവനന്തപുരം: സംസ്ഥാന തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകളിൽ യു.ഡി.എഫ് ചരിത്രപരമായ ഉജ്ജ്വല വിജയം നേടിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. 1995 മുതൽ 2025 വരെ നടന്ന ഏഴ് തദ്ദേശ തിരഞ്ഞെടുപ്പുകളിൽ ഏറ്റവും മികച്ച വിജയമാണ് ഇത്തവണ യു.ഡി.എഫ് സ്വന്തമാക്കിയത്. ഈ വലിയ വിജയം സമ്മാനിച്ച ജനങ്ങളോട് ഹൃദയം നിറഞ്ഞ നന്ദിയും കടപ്പാടും അദ്ദേഹം അറിയിച്ചു.
വിജയത്തിന്റെ മുഴുവൻ ക്രെഡിറ്റും ‘ടീം യു.ഡി.എഫിന്’ സമർപ്പിച്ച സതീശൻ, എൽ.ഡി.എഫ് സർക്കാരിനെതിരെ ജനങ്ങൾക്കിടയിലുണ്ടായ ശക്തമായ വികാരമാണ് പരാജയത്തിന് കാരണമെന്ന് വ്യക്തമാക്കി. “കേരളത്തിലെ ജനങ്ങൾ വെറുക്കുന്ന ഒരു സർക്കാരായി പിണറായി സർക്കാർ മാറിയിരിക്കുന്നു,” അദ്ദേഹം കുറ്റപ്പെടുത്തി.
📉 എൽ.ഡി.എഫിന് കനത്ത തിരിച്ചടി, യു.ഡി.എഫ് കുതിച്ചുയർന്നു
തദ്ദേശ സ്ഥാപനങ്ങളിലെ കണക്കുകൾ നിരത്തി പ്രതിപക്ഷ നേതാവ് എൽ.ഡി.എഫിന്റെ പരാജയം ഊന്നിപ്പറഞ്ഞു. 2020-ലെ തിരഞ്ഞെടുപ്പിൽ 580 ഗ്രാമപഞ്ചായത്തുകൾ ഉണ്ടായിരുന്ന എൽ.ഡി.എഫിന് അത് 345 ആയി കുറഞ്ഞപ്പോൾ, യു.ഡി.എഫ് 340-ൽ നിന്നും 500-ലേക്ക് ഉയർന്നു. ബ്ലോക്ക് പഞ്ചായത്തുകളിൽ 111-ൽ നിന്നും 68-ലേക്ക് കൂപ്പുകുത്തിയ എൽ.ഡി.എഫ്. മുന്നണിക്ക് പകരം യു.ഡി.എഫ് 40-ൽ നിന്നും 77-ലേക്ക് കുതിച്ചു.
സി.പി.എമ്മിന്റെ വർഗീയ പ്രീണനം ബി.ജെ.പിക്ക് ഗുണമായി
സി.പി.എം സ്വീകരിച്ച വർഗീയ നിലപാടുകളാണ് പരാജയത്തിന്റെ മറ്റൊരു പ്രധാന കാരണം. പാർലമെന്റ് തിരഞ്ഞെടുപ്പ് കാലത്ത് ന്യൂനപക്ഷ വർഗീയതയും അതിനുശേഷം ഭൂരിപക്ഷ വർഗീയതയുമായിരുന്നു എൽ.ഡി.എഫിന്. സി.പി.എം കളിച്ച ഭൂരിപക്ഷ വർഗീയ പ്രീണനത്തിന്റെ ഗുണഭോക്താവ് ബി.ജെ.പി ആയെന്ന് സതീശൻ ചൂണ്ടിക്കാട്ടി. “ബി.ജെ.പിക്ക് ഇന്ന് തിരുവനന്തപുരം ഉൾപ്പെടെ നേട്ടമുണ്ടായിട്ടുണ്ടെങ്കിൽ അതിന് കാരണം സി.പി.എം കളിച്ച വർഗീയ പ്രീണനമാണ്. 1987-ൽ ഇ.എം.എസ് എടുത്ത തന്ത്രം 2025-ലും 26-ലും വിലപ്പോവില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.
🗣️ ‘ശാപ്പാട് കഴിച്ചവർ ഞങ്ങളെ ചതിച്ചു’: എം.എം. മണിയുടെ ആക്ഷേപം സി.പി.എം. നേതാക്കളുടെ മനസ്സിലിരിപ്പ്
ക്ഷേമ പെൻഷൻ വാങ്ങി “ശാപ്പാട് കഴിച്ചവർ ഞങ്ങളെ തിരിച്ച് പണിതു” എന്ന എം.എം. മണിയുടെ പ്രസ്താവനയെ വി.ഡി. സതീശൻ രൂക്ഷമായി വിമർശിച്ചു. “ഇത് മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള സി.പി.എം നേതാക്കളുടെ മനസ്സിലിരിപ്പാണ്. ഒരു സി.പി.എമ്മുകാരന്റെയും വീട്ടിൽ നിന്നല്ല ജനങ്ങൾക്ക് ഔദാര്യം നൽകുന്നത്. സംസ്ഥാനത്തെ നികുതിപ്പണത്തിൽ നിന്നാണ് ക്ഷേമപരിപാടികൾ നടത്തുന്നത്,” അദ്ദേഹം വ്യക്തമാക്കി. തോൽപിച്ച ജനങ്ങളോട് എത്ര അപമര്യാദയായാണ് സി.പി.എം പെരുമാറുന്നതെന്നും അദ്ദേഹം ചോദിച്ചു.
🚀 നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഊർജ്ജമായി തദ്ദേശവിജയം
തദ്ദേശ തിരഞ്ഞെടുപ്പിലെ ഈ വിജയം വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പെന്ന ‘മഹായുദ്ധത്തിന്’ പുറപ്പെടുമ്പോൾ ജനങ്ങൾ യു.ഡി.എഫിന് നൽകിയ ഊർജ്ജമായി കാണുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ ജയിക്കാനുള്ള ശക്തിയാണ് ജനങ്ങൾ നൽകിയത്. ഇതിനായി യു.ഡി.എഫ് നേരത്തെ തയ്യാറെടുപ്പുകൾ ആരംഭിച്ചു കഴിഞ്ഞു. തകർന്ന കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെ നന്നാക്കാനും കാർഷികം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ അടിസ്ഥനപരമായ മാറ്റങ്ങൾ വരുത്താനും അക്കൗണ്ടബിലിറ്റി ഉറപ്പാക്കാനുമുള്ള ബദൽ പദ്ധതി ജനുവരിയിൽ ജനങ്ങൾക്ക് മുൻപാകെ അവതരിപ്പിക്കുമെന്നും സതീശൻ അറിയിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പിൽ തിളക്കമാർന്ന ജയമുണ്ടാകുമെന്നും, ഉണ്ടാകുന്നില്ലെങ്കിൽ താൻ രാഷ്ട്രീയ വനവാസത്തിന് പോകുമെന്നുമുള്ള തന്റെ വാക്കുകൾ കേരളത്തിലെ ജനങ്ങളോട് പറഞ്ഞ വാക്കാണെന്നും അദ്ദേഹം ആവർത്തിച്ചു.