തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണ തന്ത്രം മാറ്റിപ്പിടിക്കാൻ എൽ.ഡി.എഫ് നേതൃത്വത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ്റെ കർശന നിർദ്ദേശം. പിണറായി സർക്കാരിനെ കുറിച്ച് പ്രചാരണം നടത്തേണ്ടതില്ലെന്നും, പകരം പ്രാദേശിക വിഷയങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണമെന്നുമാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശം. സർക്കാരിനെതിരെ ജനരോഷം ശക്തമാണ് എന്ന തിരിച്ചറിവാണ് ഇത്തരമൊരു നിലപാടിലേക്ക് മുഖ്യമന്ത്രിയെ എത്തിച്ചതെന്നാണ് വിലയിരുത്തൽ.
തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ, സർക്കാരിനെ വിചാരണ ചെയ്യാനുള്ള അവസരമായി തദ്ദേശ തെരഞ്ഞെടുപ്പിനെ കാണുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രഖ്യാപിച്ചിരുന്നു. ശബരിമല സ്വർണ്ണക്കൊള്ള, രൂക്ഷമായ വിലക്കയറ്റം, തെരുവുനായ ശല്യം, കാർഷിക-തീരദേശ-മലയോര മേഖലകളോടുള്ള അവഗണന തുടങ്ങിയ വിഷയങ്ങൾ യു.ഡി.എഫ് അതിശക്തമായി ഉയർത്തുമെന്നും സതീശൻ വ്യക്തമാക്കിയിരുന്നു.
യു.ഡി.എഫ് ഉയർത്തുന്ന പ്രധാന വിഷയങ്ങൾ:
- ക്രമസമാധാനം: സംസ്ഥാനത്ത് ക്രമസമാധാനം തകർന്നു.
- ലഹരി മരുന്ന്: കേരളം ലഹരി മരുന്നിൻ്റെ ഹബ്ബായി മാറുന്നു.
- ആരോഗ്യം: ആശുപത്രികളിൽ ഓപ്പറേഷന് പോകുന്നവർ നൂലും സൂചിയും വാങ്ങി കൊണ്ടുപോകേണ്ട പരിതാപകരമായ അവസ്ഥ.
ഈ വിഷയങ്ങൾ ചർച്ചയായാൽ എൽ.ഡി.എഫിൻ്റെ നില പരുങ്ങലിലാകുമെന്ന് മുഖ്യമന്ത്രിക്ക് നന്നായറിയാം. അതുകൊണ്ട് തന്നെയാണ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉയർത്തുന്ന ‘ചൂണ്ടയിൽ’ കൊത്തി സർക്കാരിനെ പ്രതിരോധത്തിലാക്കരുത് എന്ന കർശന നിർദ്ദേശം മുഖ്യമന്ത്രി പാർട്ടി നേതാക്കൾക്ക് നൽകിയിരിക്കുന്നത്. അതുകൊണ്ട് തന്നെ പ്രാദേശിക വിഷയങ്ങളിൽ ഊന്നിയാകും എൽ ഡി എഫ് പ്രചാരണം.