തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ പിണറായി വിജയൻ എന്ന അതികായന് കൃത്യമായ മറുപടിയുണ്ടോ എന്ന ചോദ്യത്തിന് യുഡിഎഫ് നൽകുന്ന ഒരേയൊരു പേര് വി.ഡി. സതീശൻ എന്നാണ്. വെറും ഒരു പ്രതിപക്ഷ നേതാവ് എന്നതിലുപരി, സിപിഎമ്മിന്റെ കോട്ടകളിൽ വിള്ളലുണ്ടാക്കാൻ കെൽപ്പുള്ള ഒരു രാഷ്ട്രീയ തന്ത്രജ്ഞനായി സതീശൻ മാറിയിരിക്കുന്നു. സകല എക്സിറ്റ് പോളുകളെയും പ്രവചനങ്ങളെയും കാറ്റിൽ പറത്തി സതീശൻ കുറിച്ച കണക്കുകൾ ഒരിക്കൽ കൂടി ശരിയായിരിക്കുകയാണ്.
സമുദായങ്ങളെ കൂടെ നിർത്തിയ ‘നിശബ്ദ വിപ്ലവം’
പരമ്പരാഗത വോട്ട് ബാങ്കുകൾ കൈവിട്ടുപോയതായിരുന്നു കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റ വലിയ പ്രഹരം. എന്നാൽ സതീശൻ നേതൃത്വമേറ്റെടുത്തതോടെ കാര്യങ്ങൾ മാറി. സമുദായ സംഘടനകളുടെ നേതൃത്വങ്ങളെ മാത്രം പ്രീണിപ്പിക്കുന്ന പഴയ രീതി ഉപേക്ഷിച്ച്, അവിടുത്തെ വോട്ടർമാരുടെ പൾസ് അറിയാൻ സതീശനായി. എൻഎസ്എസും എസ്എൻഡിപിയും മാത്രമല്ല ഭൂരിപക്ഷ സമുദായത്തിന്റെ വിധി നിശ്ചയിക്കുന്നത് എന്ന കൃത്യമായ ബോധ്യം അദ്ദേഹത്തിനുണ്ടായിരുന്നു. ക്രൈസ്തവ സഭകളുമായി നേരിട്ടുള്ള ഡീൽ ഉറപ്പിച്ചും, മുസ്ലിം സമുദായത്തിലെ ഒപ്പീനിയൻ മേക്കേഴ്സിനെ സ്വാധീനിച്ചും സതീശൻ യുഡിഎഫിനെ ശക്തമാക്കി.
ഇടത് വോട്ടുകളിൽ വിള്ളൽ
സിപിഎമ്മിന്റെ കുത്തകയായിരുന്ന മതനിരപേക്ഷത എന്ന ആയുധം അതേപടി തിരിച്ചടിച്ചതാണ് സതീശന്റെ വിജയം. ലിറ്ററേറ്റർ ഫെസ്റ്റിവലുകളിലും സാംസ്കാരിക വേദികളിലും സജീവമായ സതീശൻ, കോൺഗ്രസിന് ഒരു ‘ഇടത് സ്വഭാവം’ നൽകുന്നതിൽ വിജയിച്ചു. സിപിഎമ്മിനോട് വിയോജിപ്പുള്ള ‘ഇടത് മനസ്സിനെ’ കൃത്യമായി പാക്ക് ചെയ്ത് കോൺഗ്രസ് പാളയത്തിലെത്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.
എസ്ഡിപിഐ വിവാദവും ബോധപൂർവമായ അഗ്രസീവ്നെസ്സും
തിരഞ്ഞെടുപ്പ് ഗോദയിൽ എസ്ഡിപിഐ വോട്ട് വേണ്ടെന്ന് ഉറപ്പിച്ചു പറഞ്ഞ സതീശന്റെ നിലപാട് രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ച ഒന്നായിരുന്നു. അത് കേവലം ഒരു പ്രസ്താവനയല്ല, മറിച്ച് ഹിന്ദു-ക്രൈസ്തവ വോട്ടുകൾ ഏകീകരിക്കാൻ അദ്ദേഹം നടത്തിയ ബോധപൂർവമായ നീക്കമായിരുന്നു. തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിൽ അദ്ദേഹം സ്വീകരിച്ച അഗ്രസീവ് ബോഡി ലാംഗ്വേജും സംസാരശൈലിയും അണികൾക്ക് ആവേശവും വോട്ടർമാർക്ക് ആത്മവിശ്വാസവും നൽകി.
പിണറായിക്ക് പറ്റിയ എതിരാളി
കെ. കരുണാകരന് ശേഷം സിപിഎമ്മിനെ ഇത്രത്തോളം പ്രതിരോധത്തിലാക്കിയ മറ്റൊരു നേതാവ് കോൺഗ്രസിൽ ഇല്ലെന്ന് തന്നെ പറയേണ്ടി വരും. സോഷ്യൽ മീഡിയയിൽ പിആർ വർക്കുകൾക്ക് അപ്പുറം ജനങ്ങളോട് നേരിട്ട് സംവദിച്ചും, ഇൻസ്റ്റഗ്രാമിലെ പുത്തൻ ട്രെൻഡുകൾക്കൊപ്പം സഞ്ചരിച്ചും യുവാക്കളെയും അദ്ദേഹം കയ്യിലെടുത്തു. ഇനി വരാനിരിക്കുന്നത് സതീശന്റെ കാലമാണെന്ന് ഈ ഫലങ്ങൾ അടിവരയിടുന്നു.