തിരുവനന്തപുരം: ഹൈക്കോടതി വിധിയിലൂടെ നാണക്കേടിന്റെ നിഴലിലായ നവകേരള സർവേയ്ക്ക് പിന്നിൽ വൻ സാമ്പത്തിക ചതിക്കുഴിയെന്ന് വ്യക്തമാകുന്ന രേഖകൾ പുറത്ത്. 20 കോടി രൂപയുടെ ഈ വിവാദ പദ്ധതി ഹൈക്കോടതി റദ്ദാക്കിയതിനെതിരെ സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിരിക്കെയാണ്, പദ്ധതിക്കായി ബജറ്റിൽ നയാപൈസ വകയിരുത്തിയിട്ടില്ലെന്ന ഞെട്ടിക്കുന്ന വിവരങ്ങൾ ആണ് പുറത്ത് വരുന്നത്. വിധി അനുകൂലമായാൽ പോലും ഈ തുക നൽകേണ്ടി വരിക അടുത്ത സർക്കാരായിരിക്കും.
ബജറ്റ് രേഖകൾ പറയുന്നത് ഇങ്ങനെ:
ജനുവരി 29-ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ച ബജറ്റ് രേഖകൾ പരിശോധിച്ചാൽ ‘നവകേരള സർവേ’ ഒരു മെഗാ തട്ടിപ്പാണെന്ന് പകൽപോലെ വ്യക്തമാകും.
- അലോക്കേഷൻ വെട്ടിക്കുറച്ചു: 2025 ഒക്ടോബർ 10-ലെ സർക്കാർ ഉത്തരവ് പ്രകാരം, നവകേരള സർവേയുടെ 20 കോടി രൂപ കണ്ടെത്തേണ്ടത് ‘2220-01-001-96 സ്പെഷ്യൽ പി.ആർ. ക്യാമ്പയിൻ’ എന്ന ശീർഷകത്തിൽ നിന്നാണ്.
- കണക്കിലെ കള്ളക്കളി: 2025-26 സാമ്പത്തിക വർഷത്തിൽ ഈ ശീർഷകത്തിലെ ബജറ്റ് വിഹിതം കേവലം 4.60 കോടി രൂപ മാത്രമായിരുന്നു. എന്നാൽ ജനുവരി 29-ന് അവതരിപ്പിച്ച പുതുക്കിയ എസ്റ്റിമേറ്റിൽ (Revised Estimate) ഇത് 4 കോടി രൂപയായി കുറയ്ക്കുകയാണ് ബാലഗോപാൽ ചെയ്തത്.
- പണമില്ലാതെ അപ്പീൽ: പദ്ധതി നടപ്പിലാക്കാൻ 20 കോടി വേണമെന്ന് സർക്കാർ ഒക്ടോബറിൽ ഉത്തരവിട്ടിട്ടും, മൂന്ന് മാസം കഴിഞ്ഞ് അവതരിപ്പിച്ച ബജറ്റിൽ ആ വകയിരുത്തൽ നടത്തിയില്ലെന്ന് മാത്രമല്ല, ഉള്ള ഫണ്ടിൽ നിന്ന് 60 ലക്ഷം രൂപ കുറയ്ക്കുകയും ചെയ്തു.
അടുത്ത സർക്കാരിന് കടുംവെട്ട്
ബജറ്റിൽ പണമില്ലാത്ത പദ്ധതിയുമായി സർക്കാർ സുപ്രീം കോടതിയിൽ പോകുന്നത് വെറും രാഷ്ട്രീയ നാടകമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. സുപ്രീം കോടതിയിൽ നിന്ന് അനുകൂല വിധി ലഭിച്ചാൽ പോലും,20 കോടി രൂപ നൽകാൻ ഈ സർക്കാരിന്റെ ഖജനാവിൽ പണമില്ല. സ്വാഭാവികമായും ഈ കുടിശ്ശിക അടുത്ത സർക്കാരിന്റെ ബാധ്യതയായി മാറും.
![]()
