തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരെയും പെൻഷൻകാരെയും ഞെട്ടിച്ചുകൊണ്ട് പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമ്മീഷനെ ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രഖ്യാപിച്ചു. എന്നാൽ, പ്രഖ്യാപനങ്ങളിലെ “ടൈം ബോംബുകൾ” പുറത്തുവന്നതോടെ ഇത് ജീവനക്കാരെ സഹായിക്കാനല്ല, മറിച്ച് അടുത്ത വരാനിരിക്കുന്ന സർക്കാരിന് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കാനാണെന്ന ആക്ഷേപം ശക്തമാകുന്നു. “കുടിശികകൾ എല്ലാം സതീശൻ തരും” എന്ന രീതിയിലുള്ള ധനമന്ത്രിയുടെ സമീപനം രാഷ്ട്രീയ കേന്ദ്രങ്ങളിൽ വൻ ചർച്ചയായിരിക്കുകയാണ്.
3 മാസം കൊണ്ട് റിപ്പോർട്ട്; ലക്ഷ്യം അടുത്ത സർക്കാർ
പതിനൊന്നാം ശമ്പള കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കാൻ 14 മാസമെടുത്ത സ്ഥാനത്താണ്, ഇത്തവണ വെറും 3 മാസം കൊണ്ട് റിപ്പോർട്ട് നൽകാൻ ബാലഗോപാൽ ആവശ്യപ്പെട്ടിരിക്കുന്നത്. 2024 ജൂലൈ മുതൽ പ്രാബല്യത്തിൽ വരേണ്ട ശമ്പള പരിഷ്കരണം ഇത്രയും കാലം വൈകിപ്പിച്ചത് ബോധപൂർവമാണെന്ന സൂചനയാണ് ഇത് നൽകുന്നത്. മൂന്ന് മാസം കൊണ്ട് റിപ്പോർട്ട് ലഭിച്ചാലും അത് നടപ്പിലാക്കേണ്ടി വരുന്നത് മെയ് പകുതിയോടെ അധികാരത്തിൽ വരുന്ന അടുത്ത സർക്കാരായിരിക്കും.
കുടിശികകളുടെ മലവെള്ളപ്പാച്ചിൽ
ബജറ്റിലെ വാഗ്ദാനങ്ങൾ പരിശോധിച്ചാൽ എല്ലാം അടുത്ത സാമ്പത്തിക വർഷത്തിലേക്കും (2026-27) അടുത്ത സർക്കാരിലേക്കുമാണ് നീക്കിവെച്ചിരിക്കുന്നത്:
- ശമ്പള പരിഷ്കരണ കുടിശിക: പതിനൊന്നാം ശമ്പള പരിഷ്കരണ കുടിശികയുടെ അവസാന രണ്ട് ഗഡുക്കൾ നൽകേണ്ടത് അടുത്ത സർക്കാരാണ്. 2026 ഏപ്രിൽ 1-ന് ശേഷം മാത്രമേ ഇത് പി.എഫിൽ ലയിപ്പിക്കൂ. പിൻവലിക്കാൻ സാധിക്കുന്നത് 2027 ഏപ്രിലിലും.
- ഡി.എ/ഡി.ആർ കുടിശിക: ഏകദേശം 60,000 കോടി രൂപയോളം വരുന്ന ഡി.എ കുടിശികയുടെ ആദ്യ ഗഡു 2026-27 ബജറ്റിൽ നൽകുമെന്നാണ് വാഗ്ദാനം. അതായത്, ഭരണ വിരുദ്ധ വികാരം നിലനിൽക്കുന്ന സാഹചര്യത്തിൽ അടുത്ത സർക്കാർ ഇത് നൽകട്ടെ എന്ന തന്ത്രം.
- ലീവ് സറണ്ടർ: ലീവ് സറണ്ടർ പാസാക്കിയാലും അത് പിൻവലിക്കാനുള്ള അനുമതിയും അടുത്ത സർക്കാരിന്റെ കാലഘട്ടത്തിലേക്കാണ് മാറ്റിയിരിക്കുന്നത്.
സതീശനെ ചൂണ്ടി ബാലഗോപാൽ
നിയമസഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാകുമെന്ന് ഉറപ്പായതോടെ, ഖജനാവ് കാലിയാക്കി ബാധ്യതകൾ മുഴുവൻ യു.ഡി.എഫിന്റെ തലയിൽ കെട്ടിവെക്കാനാണ് എൽ.ഡി.എഫ് ശ്രമിക്കുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ ചൂണ്ടി “ബാക്കി കാര്യങ്ങൾ ഇവർ നോക്കിക്കോളും” എന്ന മട്ടിലുള്ള ബാലഗോപാലിന്റെ ധനകാര്യ സിദ്ധാന്തം ഉദ്യോഗസ്ഥർക്കിടയിലും അമർഷമുണ്ടാക്കിയിട്ടുണ്ട്.
”ഭരണവിരുദ്ധ വികാരവും ശബരിമല സ്വർണ്ണ വിവാദവും സർക്കാരിനെ വേട്ടയാടുമ്പോൾ, ഈ ബജറ്റ് പ്രഖ്യാപനങ്ങൾ വെറും രാഷ്ട്രീയ അടവ് മാത്രമാണ്.” – രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
ശമ്പള പരിഷ്കരണം, കഴിഞ്ഞ ശമ്പള പരിഷ്കരണ കുടിശിക , ഡി.എ/ ഡി.ആർ കുടിശിക , ലീവ് സറണ്ടർ കുടിശിക അടക്കം കുടിശിക 1 ലക്ഷം കോടിക്ക് മുകളിലാണ്. ഇതെല്ലാം സതീശനും സംഘവും തരുമെന്ന് ആണ് ബാലഗോപാലിൻ്റെ ധനകാര്യ സിദ്ധാന്തം.