തിരുവനന്തപുരം: തുടർഭരണം ലഭിച്ചാൽ മുഖ്യമന്ത്രി കസേരയിൽ വീണ്ടും എത്താനുള്ള പിണറായി വിജയന്റെ നീക്കങ്ങൾക്ക് പാർട്ടിക്കുള്ളിൽ നിന്നും മുന്നണിയിൽ നിന്നും കടുത്ത വെല്ലുവിളികൾ. മുതിർന്ന നേതാക്കളുടെ അടുത്തിടെയുള്ള പ്രസ്താവനകൾ സൂചിപ്പിക്കുന്നത്, സി.പി.എമ്മിനുള്ളിലും എൽ.ഡി.എഫിലും പിണറായിയുടെ തുടർച്ചയായ നേതൃത്വത്തോട് അതൃപ്തിയുണ്ടെന്നാണ്.
80 വയസ്സ് പിന്നിടുന്ന പിണറായി വിജയൻ മുഖ്യമന്ത്രി കസേര വിട്ടൊഴിയാൻ സന്നദ്ധത പ്രകടിപ്പിക്കുന്നില്ല. മക്കൾക്കെതിരെയും തനിക്കെതിരെയും ഉയർന്നുവന്ന കേസുകളിൽ മുഖ്യമന്ത്രി സ്ഥാനം ഒരു സംരക്ഷണ കവചമായി അദ്ദേഹം കാണുന്നുണ്ടെന്നും, അതുകൊണ്ട് തന്നെ തുടർഭരണം ലഭിച്ചാൽ ആദ്യത്തെ രണ്ട് വർഷമെങ്കിലും കസേരയിൽ തുടരാനാണ് അദ്ദേഹത്തിന്റെ ലക്ഷ്യമെന്നും രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്നു.
ഇതിന് ശേഷം പിൻഗാമിയായി മരുമകനും മന്ത്രിയുമായ മുഹമ്മദ് റിയാസിനെ വാഴിക്കാനാണ് പിണറായിയുടെ പദ്ധതി. എന്നാൽ, പാർട്ടിക്കുള്ളിൽ നിന്നും മുഖ്യമന്ത്രി കസേര ലക്ഷ്യമിട്ട് നീങ്ങുന്ന മറ്റ് മൂന്ന് മന്ത്രിമാർ ശക്തമായ വെല്ലുവിളി ഉയർത്തുന്നുണ്ട്: ബാലഗോപാൽ, രാജീവ്, രാജേഷ് എന്നിവരാണവർ.
ഇതിനിടെയാണ് പാർട്ടിക്കുള്ളിലെ ആഭ്യന്തര ചർച്ചകൾക്ക് വഴിമാറിക്കൊണ്ട് മന്ത്രി കെ.എൻ. ബാലഗോപാൽ നിർണായകമായ പ്രസ്താവന നടത്തിയത്. താനുൾപ്പെടെ നിരവധി പേർ പാർട്ടിയിൽ മുഖ്യമന്ത്രി സ്ഥാനത്തിന് അർഹനാണെന്ന് അദ്ദേഹം തുറന്നുപറഞ്ഞു. ഇത് പിണറായിയുടെ സ്വാഭാവികമായ തുടർച്ച എന്ന ധാരണയെ ചോദ്യം ചെയ്യുന്നതായി.
ഇതിന് പിന്നാലെ, എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണനും സമാനമായ നിലപാട് ആവർത്തിച്ചു. “ജയിച്ച ശേഷം മാത്രമേ മുഖ്യമന്ത്രി ആരാകുമെന്ന് ചർച്ച ചെയ്യൂ” എന്നും “എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ തിരിച്ചുവരുമെന്നും” അദ്ദേഹം വ്യക്തമാക്കി.
ഈ നേതാക്കളുടെ പ്രസ്താവനകൾ വ്യക്തമാക്കുന്നത് ഇതാണ്: ഇനി തുടർഭരണം ലഭിച്ചാൽ പഴയപോലെ പിണറായി വിജയൻ മുഖ്യമന്ത്രി കസേരയിൽ അനായാസം ഇരിക്കാമെന്ന് വ്യാമോഹിക്കേണ്ട. പാർട്ടിയിലും മുന്നണിയിലും മുഖ്യമന്ത്രി പദവിക്ക് പുതിയ ചർച്ചകൾ ആരംഭിച്ചിരിക്കുന്നു. മാത്രമല്ല, ഈ തിരഞ്ഞെടുപ്പിൽ ഭരണം നഷ്ടപ്പെട്ടാൽ പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്കും മുഹമ്മദ് റിയാസിന് വഴി എളുപ്പമായിരിക്കില്ല. ബാലഗോപാൽ, രാജീവ്, രാജേഷ് എന്നിവരിൽ ഒരാൾക്കായിരിക്കും പ്രതിപക്ഷ നേതൃസ്ഥാനം ലഭിക്കാൻ സാധ്യത. റിയാസിന് മുഖ്യമന്ത്രി പദമോ പ്രതിപക്ഷ നേതൃസ്ഥാനമോ ലഭിക്കുന്നത് പിണറായിയുടെ ‘വന്യമായ സ്വപ്നത്തിൽ’ മാത്രം ഒതുങ്ങാനാണ് സാധ്യത.
ശബരിമലയിലെ സ്വർണ്ണ മോഷണത്തിൽ പിണറായിയുടെ ഏറ്റവും അടുത്ത അനുയായി വാസു ജയിലിൽ ആണ്. സി പി എം മുൻ എം എൽ എ പത്മകുമാറും ജയിലിൽ ആണ്. അടുത്ത അറസ്റ്റ് ഒന്നാം പിണറായി മന്ത്രിസഭയിലെ കടകംപള്ളി സുരേന്ദ്രൻ ആയിരിക്കുമെന്നാണ് സൂചനകൾ. പിണറായി അറിയാതെ ഇതൊന്നും ചെയ്യാനുള്ള ധൈര്യം ഇവർക്കില്ല എന്ന് അരിയാഹാരം കഴിക്കുന്നവർക്ക് വ്യക്തമാകും. അയപ്പ കോപം മൂലമാണ് പിണറായിയെ നേതാക്കൻമാർ പോലും കൈവിടുന്നത് എന്നാണ് നേതാക്കൻമാരുടെ തുടർച്ചയായ പ്രസ്താവനകൾ വ്യക്തമാക്കുന്നത്.
![]()
