കൊച്ചി: ബിജെപിക്ക് ഭരണമുന്നണിയിൽ വൻ സ്വാധിനം നിലനിൽക്കുന്നു എന്നതിൻ്റെ വ്യക്തമായ തെളിവാണ് സിപിഐ നേതാവ് ബിനോയ് വിശ്വത്തിൻ്റെ പ്രതികരണങ്ങളെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പ്രതിപക്ഷത്തേക്കാൾ രൂക്ഷമായാണ് ബിനോയ് വിശ്വം സർക്കാരിനെ വിമർശിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബിജെപിയേയും സംഘ് പരിവാറിനേയും സന്തോഷിപ്പിക്കാനാണ് പിണറായി സർക്കാർ ഈ തീരുമാനം എടുത്തതെന്ന് ആ സർക്കാരിലെ പ്രധാന ഘടകകക്ഷിയുടെ നേതാവ് പറയുന്നതിലൂടെ കാര്യങ്ങൾ വ്യക്തമാണെന്നും സതീശൻ പറഞ്ഞു.
ഘടകകക്ഷികളെ ഇരുട്ടിലാക്കിയെന്നും സിപിഐക്ക് ഒരു വിലയുമില്ലെന്നും ബിനോയ് വിശ്വത്തിന്റെ വാക്കുകളിലൂടെ വ്യക്തമായെന്ന് സതീശൻ പറഞ്ഞു. സിപിഐയുടെ നാല് മന്ത്രിമാർ മന്ത്രിസഭാ യോഗത്തിൽ എതിർപ്പുയർത്തിയിട്ടും അവരുടെ അഭിപ്രായത്തിന് വില കൽപ്പിച്ചില്ല. പാർട്ടി എന്ന നിലയിൽ സിപിഐക്കും മുന്നണിയിൽ ഒരു വിലയുമില്ല. “സിപിഎമ്മിന് ബിജെപിയാണ് സിപിഐയേക്കാൾ വലുത് എന്ന് ഞാൻ രാവിലെ പറഞ്ഞതാണ്, വൈകുന്നേരം സിപിഐ സംസ്ഥാന സെക്രട്ടറിയും പറഞ്ഞത്,” സതീശൻ പരിഹസിച്ചു.
‘CPM നയം മാറ്റിയോ? ഗഡ്കരിയുടെ വീട്ടിൽ വച്ചാണോ തീരുമാനം?’
ദേശീയ വിദ്യാഭ്യാസ നയത്തെ (NEP) അംഗീകരിക്കുന്നു എന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറയുമ്പോൾ, സിപിഎം കേന്ദ്ര നേതൃത്വം അത് അംഗീകരിച്ചിട്ടുണ്ടോ എന്നും സതീശൻ ആരാഞ്ഞു. ബിജെപിയുടെ അതേ നയമാണോ കേരള സർക്കാരിനും പാർട്ടിക്കും ഉള്ളത്? സിപിഎം എന്ന് നയം മാറ്റി? അത് തുറന്നു പറയണം. എം.എ. ബേബിയെ പോലും കേരള സർക്കാർ അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു.
”എല്ലാവരും ഇരുട്ടിലാണ്. എവിടെയാണ് തീരുമാനം എടുക്കുന്നത്? കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ വീട്ടിൽ വച്ചാണോ? നരേന്ദ്ര മോദിയെ കാണുമ്പോഴാണോ? അതോ ‘സായിപ്പിനെ കണ്ടപ്പോൾ കവാത്ത് മറന്നതാണോ’?” എന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ചോദിച്ചു
![]()
