വയനാട് : മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിത മേഖലയിലെ കുട്ടികളുടെ വിദ്യാഭ്യാസം തടസ്സമില്ലാതെ തുടരുന്നതിനും സുരക്ഷിതമായ സ്കൂൾ യാത്ര ഉറപ്പാക്കുന്നതിനുമായി സംസ്ഥാന സർക്കാർ 5,30,980 രൂപ അനുവദിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് തുക അനുവദിച്ചിരിക്കുന്നത്.
2026 ഒക്ടോബർ 27-ലെ സ.ഉ.(സാധാ) നം.441/2026/DMD പ്രകാരമാണ് ദുരന്തനിവാരണ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചത്.
ദുരന്തം തകർത്ത ജീവിതത്തിനിടയിലും കുട്ടികളുടെ പഠനം മുടങ്ങരുത്
മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്ന് മുണ്ടക്കൈ ഗവൺമെന്റ് എൽ.പി. സ്കൂൾ നിലവിൽ മേപ്പാടി ഡോ. എ.പി.ജെ. അബ്ദുൾ കലാം കമ്മ്യൂണിറ്റി ഹാളിലാണ് താൽക്കാലികമായി പ്രവർത്തിക്കുന്നത്.
സ്കൂളിൽ പഠിക്കുന്ന വിദ്യാർഥികളിൽ ഭൂരിഭാഗവും ദുരന്തബാധിത പ്രദേശങ്ങളിൽ നിന്നുള്ളവരാണ്.
ദുരന്തത്തെ തുടർന്ന് താമസസ്ഥലങ്ങളിലും ജീവിതസാഹചര്യങ്ങളിലും മാറ്റം നേരിട്ട കുടുംബങ്ങളിലെ കുട്ടികൾക്ക് സ്കൂളിലേക്കുള്ള യാത്ര പ്രധാന വെല്ലുവിളികളിലൊന്നാണ്.
ഈ സാഹചര്യത്തിലാണ് കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങാതിരിക്കാനും സുരക്ഷിതമായ യാത്രാസൗകര്യം ഉറപ്പാക്കാനും പ്രത്യേക സ്കൂൾ ബസ് സർവീസിന് സർക്കാർ ധനസഹായം അനുവദിച്ചത്.
പുൽപ്പള്ളി, കൽപ്പറ്റ, നെടുമ്പാല റൂട്ടുകളിലെ വിദ്യാർഥികൾക്ക് പ്രയോജനം
സർക്കാർ ഉത്തരവനുസരിച്ച് പുൽപ്പള്ളി, കൽപ്പറ്റ, നെടുമ്പാല റൂട്ടുകളിലെ വിദ്യാർഥികൾക്കായാണ് സ്കൂൾ ബസ് സർവീസ് വിഭാവനം ചെയ്തിരിക്കുന്നത്.
2026–27 അധ്യയന വർഷത്തിലെ പത്തുമാസത്തേക്കാണ് ധനസഹായം അനുവദിച്ചിരിക്കുന്നത്.
സ്കൂൾ ബസ് സർവീസ് നടത്തുന്നതിനുള്ള വിവിധ ചെലവുകൾ തുകയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഡ്രൈവറുടെയും ആയയുടെയും ശമ്പളം
ഇന്ധനച്ചെലവ്
വാഹന ഇൻഷുറൻസ്
വാഹന നികുതി
സ്കൂൾ ബസ് സർവീസുമായി ബന്ധപ്പെട്ട അനുബന്ധ ചെലവുകൾ
