തിരുവനന്തപുരം:
സംസ്ഥാനത്ത് 26 വർഷത്തിന് ശേഷം കായിക മേഖലയിൽ സമഗ്രമായ നിയമപരിഷ്കരണത്തിന് വഴിതുറന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള സർക്കാർ. കായിക രംഗത്തെ ക്രമക്കേടുകൾ അവസാനിപ്പിക്കാനും താരങ്ങൾക്ക് പൂർണ്ണ നിയമപരിരക്ഷയും ഉയർന്ന നഷ്ടപരിഹാരവും ഉറപ്പാക്കാനുമുള്ള ‘കേരള സ്പോർട്സ് ബിൽ 2026’ ഈ ആഴ്ച സഭയിൽ അവതരിപ്പിക്കും.
കായിക വകുപ്പിന്റെ ചുമതലയിലേക്ക് മികവുറ്റ ഭരണാധികാരി പ്രശാന്ത് IAS-നെ നിയോഗിച്ച മുഖ്യമന്ത്രി വി.ഡി. സതീശന്റെ തീരുമാനം കൃത്യമായിരുന്നുവെന്ന് അടിവരയിടുന്നതാണ് ഈ ബിൽ. കായിക വകുപ്പ് മന്ത്രി അഡ്വ. ഒ. ജെ. ജനീഷിനും ഭരണപരിഷ്കാര നിരയിൽ ഇത് അഭിമാനകരമായ നേട്ടമായി മാറി.
സുപ്രധാന വ്യവസ്ഥകളും മാറ്റങ്ങളും:
കായികതാരങ്ങൾക്ക് 25 ലക്ഷം വരെ നഷ്ടപരിഹാരം: കായികതാരങ്ങളുടെ അവകാശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കും. വീഴ്ച വരുത്തുന്ന വ്യക്തികളിൽ നിന്നോ സ്ഥാപനങ്ങളിൽ നിന്നോ 5 ലക്ഷം മുതൽ 25 ലക്ഷം രൂപ വരെ പിഴ ഈടാക്കുകയും തുക ബാധിതരായ താരങ്ങൾക്ക് നഷ്ടപരിഹാരമായി നൽകുകയും ചെയ്യും.
സ്പോർട്സ് ട്രൈബ്യൂണൽ: വിരമിച്ച ഹൈക്കോടതി ജഡ്ജി അധ്യക്ഷനായി പ്രത്യേക സ്പോർട്സ് ട്രൈബ്യൂണൽ രൂപീകരിക്കും. സെലക്ഷൻ വിവേചനം, ക്യാമ്പുകളിലെ ചൂഷണം, ഉത്തേജക മരുന്ന് ഉപയോഗം, വ്യാജ സർട്ടിഫിക്കറ്റ് തട്ടിപ്പുകൾ തുടങ്ങിയ പരാതികളിൽ ഇവിടെ അതിവേഗ പരിഹാരം ലഭ്യമാകും.
സ്പോർട്സ് അതോറിറ്റി ഓഫ് കേരള: ഡയറക്ടറേറ്റ് ഓഫ് സ്പോർട്സിനെയും നിലവിലുള്ള സ്പോർട്സ് കൗൺസിലിനെയും സംയോജിപ്പിച്ച് ‘സ്പോർട്സ് അതോറിറ്റി ഓഫ് കേരള’ നിലവിൽ വരും. തെരഞ്ഞെടുപ്പ് രാഷ്ട്രീയമില്ലാതെ പൂർണ്ണമായും സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന വിദഗ്ധരായിരിക്കും ഇതിന്റെ അമരത്ത്.
ഡിജിറ്റൽ സേവനങ്ങൾ: കായിക താരങ്ങൾക്കുള്ള സർട്ടിഫിക്കറ്റുകൾ, സാമ്പത്തിക സഹായങ്ങൾ, സ്കോളർഷിപ്പുകൾ എന്നിവ ഇടനിലക്കാരില്ലാതെ പൂർണ്ണമായും ഓൺലൈനായി വിതരണം ചെയ്യും.
സ്കൂൾ തലം മുതൽ സംരക്ഷണം: സ്കൂൾ തല മത്സരങ്ങളിൽ പങ്കെടുക്കുന്ന കുട്ടികൾ മുതൽ മുതിർന്ന താരങ്ങൾക്ക് വരെ നിയമത്തിന്റെ സുരക്ഷാകവചം ലഭ്യമാകും.
