തിരുവനന്തപുരം: വിയറ്റ്നാമിലെ ഫു ക്വോക്ക് (Phu Quoc) ദ്വീപിന് സമീപം വിനോദസഞ്ചാരികൾ സഞ്ചരിച്ച സ്പീഡ് ബോട്ട് മറിഞ്ഞുണ്ടായ ദാരുണമായ അപകടത്തിൽ രണ്ട് മലയാളികൾ ഉൾപ്പെട്ട സാഹചര്യത്തിൽ അടിയന്തര ഇടപെടലുകളുമായി കേരള സർക്കാർ. വിയറ്റ്നാം എംബസിയുമായി ഉടനടി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ലഭ്യമാക്കാൻ നോർക്ക (NORKA) സി.ഇ.ഒയെ മുഖ്യമന്ത്രി വി.ഡി. സതീശൻ ചുമതലപ്പെടുത്തി.
അപകടത്തിൽപ്പെട്ട മലയാളികളെയും മറ്റ് ഇന്ത്യൻ പൗരന്മാരെയും സംബന്ധിച്ചുള്ള വിവരങ്ങൾ വേഗത്തിൽ ലഭ്യമാക്കുന്നതിനായി മുഖ്യമന്ത്രിയുടെ ഓഫീസ് (CMO) വിദേശകാര്യ മന്ത്രാലയവുമായി (MEA) നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്. ഇതോടൊപ്പം രക്ഷാപ്രവർത്തനങ്ങളുടെയും തുടർനടപടികളുടെയും കേന്ദ്രീകൃത ഏകോപനത്തിനായി കേരള ഹൗസ് റസിഡൻ്റ് കമ്മിഷണറെയും പ്രത്യേകമായി ചുമതലപ്പെടുത്തിയിട്ടുണ്ട്.
കൊട്ടാരക്കര സ്വദേശികളായ എ.സി. തോമസ് (57), ഭാര്യ ലോവേനി തോമസ് (56) എന്നിവരാണ് അപകടത്തിൽ മരിച്ച മലയാളികൾ എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. വിയറ്റ്നാമിലെ പ്രാദേശിക ഭരണകൂടവുമായും ഇന്ത്യൻ എംബസിയുമായും ചേർന്ന് മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിലെത്തിക്കാനും, പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സാ സഹായങ്ങൾ ഉറപ്പാക്കാനുമുള്ള അടിയന്തര ശ്രമങ്ങളിലാണ് സംസ്ഥാന ഭരണകൂടം.