തിരുവനന്തപുരം: ആറ് പതിറ്റാണ്ടുകാലം ഇന്ത്യൻ ചലച്ചിത്ര സംഗീത ലോകത്തെ സ്വരമാധുര്യം കൊണ്ട് വിസ്മയിപ്പിച്ച തെന്നിന്ത്യയുടെ വാനമ്പാടി എസ്. ജാനകി (88) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് മൈസൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ജാനകിയമ്മയുടെ വിയോഗത്തിൽ മുഖ്യമന്ത്രി വി.ഡി സതീശൻ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.
“പാട്ടിൻ്റെ അമ്മയ്ക്ക് പ്രണാമം. ഇത്രയും മധുരവും ഊർജസ്വലവും ആഹ്ളാദഭരിതവും സ്‌നേഹോഷ്മളവുമായ മറ്റൊരു ശബ്‌ദം മലയാളിയുടെ ആത്മാവിൽ വേറെയേതാണുള്ളത്? ജാനകിയമ്മ തെന്നിന്ത്യൻ സിനിമാ സംഗീതത്തിലെ ഏറ്റവും ഔന്നത്യമുള്ള വ്യക്തിത്വമാണ്,” മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
മലയാളിയുടെ ഹൃദയം കീഴടക്കിയ സ്വരമാധുരി
മാതൃഭാഷ മലയാളമല്ലായിരുന്നിട്ടും ഉച്ചാരണശുദ്ധിയോടെയും ഭാവസാന്ദ്രതയോടെയും അവർ പാടിത്തീർത്ത ഓരോ ഗാനവും മലയാളിയുടെ ഹൃദയത്തോട് ചേർന്നുനിൽക്കുന്നവയാണെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. ഇരുപതിലധികം ഭാഷകളിലായി അരലക്ഷത്തോളം ഗാനങ്ങൾ ആലപിച്ച ജാനകിയമ്മ, സംഗീത സംവിധായകർ മനസിൽ കാണുന്നതിനപ്പുറമുള്ള ഔന്നത്യമാണ് ഓരോ ഗാനത്തിനും തിരികെ നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തലമുറകളുടെ പ്രിയപ്പെട്ട ഗായിക
തന്റെ ഏറ്റവും പ്രിയപ്പെട്ട ഗായികയാണ് ജാനകിയമ്മയെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, മലയാളക്കര ഇന്നും നെഞ്ചിലേറ്റുന്ന മാസ്മരിക ഗാനങ്ങളെയും ഓർത്തെടുത്തു:
മലരേ തേൻ മലരേ…
തുമ്പീ വാ തുമ്പക്കുടത്തിൻ…
ആടിവാ കാറ്റേ…
നിറങ്ങൾ തൻ നൃത്തം…
മിഴിയോരം നനഞ്ഞൊഴുകും…
മോഹം കൊണ്ട് ഞാൻ…
നാഥാ നീ വരും…
ഒരു ഗായിക എന്നതിനപ്പുറം സ്നേഹവാത്സല്യങ്ങളിലൂടെ എസ്. ജാനകി നമ്മുടെയൊക്കെ കുടുംബാംഗമായി മാറിയെന്നും, സങ്കടത്തിലും സന്തോഷത്തിലും വിരഹത്തിലും പ്രണയത്തിലും മലയാളിയുടെ വികാരവിചാരങ്ങൾ നിർണയിച്ച ആ മഹാസ്വരത്തിന് പ്രണാമം അർപ്പിക്കുന്നതായും മുഖ്യമന്ത്രി വി.ഡി സതീശൻ വ്യക്തമാക്കി.