തിരുവനന്തപുരം: സി.പി.എമ്മിലെ കരുത്തരായ നേതാക്കളെ പദവികൾ നൽകി ആദരിക്കുകയല്ല, മറിച്ച് സ്പീക്കർ കസേരയിൽ ഇരുത്തി അവരുടെ രാഷ്ട്രീയ ഭാവി എന്നെന്നേക്കുമായി അവസാനിപ്പിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ചെയ്യുന്നതെന്ന ആക്ഷേപം ശക്തമാകുന്നു. സ്പീക്കറാകുന്നവരെ പിന്നീട് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വെട്ടിനിരത്തുന്ന പിണറായിയുടെ ‘അരിവാൾ പ്രയോഗം’ 2026-ലെ സ്ഥാനാർത്ഥി പട്ടികയിലും കണ്ടു. എ.എൻ ഷംസീറാണ് ഈ രാഷ്ട്രീയ ചതിയുടെ ഇരയായത്.
ഒന്നാം പിണറായി സർക്കാരിൽ സ്പീക്കറായിരുന്ന പി. ശ്രീരാമകൃഷ്ണനെ 2021-ൽ മൂലക്കിരുത്തിക്കൊണ്ടാണ് ഈ വിനാശകരമായ രാഷ്ട്രീയ തന്ത്രത്തിന് പിണറായി തുടക്കമിട്ടത്.
കണ്ണൂരിലെ കരുത്തനായ യുവനേതാവ്, സഭയിൽ എതിരാളികളെ വിറപ്പിക്കുന്ന പോരാളി—എ.എൻ ഷംസീറിന് ലഭിച്ച വിശേഷണങ്ങൾ ഇതൊക്കെയായിരുന്നു. എന്നാൽ സ്പീക്കർ പദവി നൽകിയതോടെ ഷംസീറിന്റെ നാവടക്കാൻ പിണറായിക്ക് സാധിച്ചു. 2026-ലെ തിരഞ്ഞെടുപ്പിൽ ഷംസീറിന് സീറ്റ് നിഷേധിച്ചതിലൂടെ, തന്റെ അധികാരത്തിന് വെല്ലുവിളിയാകാൻ സാധ്യതയുള്ളവരെയെല്ലാം വെട്ടിനിരത്തുക എന്ന തന്റെ പഴയ ശൈലി പിണറായി ആവർത്തിച്ചു.
രണ്ടാം പിണറായി സർക്കാരിന്റെ തുടക്കത്തിൽ സ്പീക്കറായിരുന്ന എം.ബി രാജേഷിന്റെ രാഷ്ട്രീയ ജീവിതവും ഏതാണ്ട് അവസാനിക്കാനിരുന്നതായിരുന്നു. എന്നാൽ എം.വി ഗോവിന്ദൻ പാർട്ടി സെക്രട്ടറി ആയ ഒഴിവിൽ രാജേഷ് മന്ത്രിസഭയിലെത്തി. സ്പീക്കർ എന്ന ‘തടവറ’യിൽ നിന്ന് മോചിതനായി മന്ത്രിയായതുകൊണ്ട് മാത്രമാണ് രാജേഷിന് ഇത്തവണ സീറ്റ് ലഭിച്ചത്. ഇല്ലായിരുന്നെങ്കിൽ ശ്രീരാമകൃഷ്ണന്റെയും ഷംസീറിന്റെയും ഗതി തന്നെ രാജേഷിനും ഉണ്ടാകുമായിരുന്നുവെന്ന് രാഷ്ട്രീയ നിരീക്ഷകർ അടിവരയിടുന്നു.