തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ പുകയുന്ന പിൻഗാമി ചർച്ചകൾക്ക് ആക്കം കൂട്ടി നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ അപ്രതീക്ഷിത നീക്കം. സി.പി.എമ്മിലെ തന്റെ രാഷ്ട്രീയ പിൻഗാമി മരുമകൻ കൂടിയായ മന്ത്രി മുഹമ്മദ് റിയാസ് ആണെന്ന വ്യക്തമായ സൂചന നൽകുന്നതാണ് നിയമസഭയിലെ പുതിയ നടപടികൾ. ധനാഭ്യർത്ഥന ചർച്ചകളിൽ സാധാരണ പാലിക്കാറുള്ള കീഴ്‌വഴക്കങ്ങൾ അട്ടിമറിച്ചാണ് റിയാസിന് മുഖ്യമന്ത്രി മുൻഗണന നൽകിയിരിക്കുന്നത്.
സഭയെ ഞെട്ടിച്ച ‘സീനിയോറിറ്റി’ മാറ്റം
നാളെ മുതൽ നിയമസഭയിൽ ധനാഭ്യർത്ഥന സംബന്ധിച്ച ചർച്ചകൾ ആരംഭിക്കുകയാണ്. സാധാരണഗതിയിൽ മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന വകുപ്പുകളിലെ (ധനാഭ്യർത്ഥന നമ്പർ 2, 3) ചർച്ചകളാണ് ആദ്യം നടക്കാറുള്ളത്. മുഖ്യമന്ത്രിക്ക് എന്തെങ്കിലും അസൗകര്യമുണ്ടെങ്കിൽ മാത്രം തൊട്ടടുത്ത സീനിയർ മന്ത്രിമാരുടെ വകുപ്പുകൾ പരിഗണിക്കും.

എന്നാൽ, ഇത്തവണ മുഖ്യമന്ത്രിയുടെ വകുപ്പുകൾക്ക് പകരം ആദ്യ ദിവസം തന്നെ ചർച്ചയ്ക്ക് വരുന്നത് മന്ത്രി മുഹമ്മദ് റിയാസ് കൈകാര്യം ചെയ്യുന്ന പൊതുമരാമത്ത് (ധനാഭ്യർത്ഥന 15), ടൂറിസം (ധനാഭ്യർത്ഥന 42) എന്നീ വകുപ്പുകളാണ്. നിയമസഭയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് പൊതുമരാമത്ത് – ടൂറിസം വകുപ്പുകൾക്ക് ഇത്തരത്തിൽ മുൻഗണന ലഭിക്കുന്നത്.
അമ്പരപ്പ് മാറാതെ രാജീവും രാജേഷും ബാലഗോപാലും
മുഖ്യമന്ത്രിയുടെ ഈ നീക്കത്തിൽ മന്ത്രിസഭയിലെ പ്രമുഖരായ പി. രാജീവ്, എം.ബി. രാജേഷ്, കെ.എൻ. ബാലഗോപാൽ എന്നിവർ അമ്പരപ്പിലാണെന്നാണ് റിപ്പോർട്ടുകൾ. പാർട്ടിയിൽ സീനിയോറിറ്റിയുള്ള ഈ മന്ത്രിമാരെ മറികടന്നാണ് താരതമ്യേന ജൂനിയറായ റിയാസിന് സഭയിൽ വലിയ പ്രാധാന്യം നൽകുന്നത്.
മുഖ്യമന്ത്രിയുടെ പ്രിയപുത്രി വീണ വിജയന്റെ ഭർത്താവ് എന്ന നിലയിൽ റിയാസിനെ പാർട്ടിയിലും ഭരണത്തിലും ഉയർത്തിക്കൊണ്ടുവരാനുള്ള നീക്കമാണിതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. തനിക്ക് ശേഷം റിയാസ് എന്ന പ്രഖ്യാപനം വാക്കുകളിലൂടെയല്ല, മറിച്ച് നിയമസഭയിലെ നടപടിക്രമങ്ങളിലൂടെ പരസ്യമായി പ്രഖ്യാപിക്കുകയാണ് പിണറായി വിജയൻ ചെയ്തതെന്നാണ് ഉയരുന്ന പ്രധാന വിമർശനം.
അസാധാരണ നടപടി: മുഖ്യമന്ത്രിയുടെ വകുപ്പുകൾക്ക് പകരം റിയാസിന്റെ വകുപ്പുകൾ ചർച്ചയ്ക്ക് വരുന്നു.
- കീഴ്‌വഴക്ക ലംഘനം: സീനിയർ മന്ത്രിമാരെ തഴഞ്ഞുള്ള ഈ നീക്കം രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തി.
- പിൻഗാമി ചർച്ച: റിയാസിനെ പിൻഗാമിയായി ഉയർത്തിക്കാട്ടാനുള്ള പിണറായിയുടെ കൃത്യമായ പ്ലാൻ എന്ന് വിലയിരുത്തൽ.