തിരുവനന്തപുരം: കേരള രാഷ്ട്രീയത്തെ അമ്പരപ്പിച്ചുകൊണ്ട് സി.പി.എം മുൻ എം.എൽ.എയും ജനകീയ നേതാവുമായ ഐഷാ പോറ്റി കോൺഗ്രസിൽ ചേർന്നു. തിരുവനന്തപുരത്ത് ലോക് ഭവനിന് മുന്നിൽ കോൺഗ്രസ് സംഘടിപ്പിച്ച രാപ്പകൽ സമരപ്പന്തലിലെത്തിയാണ് അവർ പാർട്ടി അംഗത്വം സ്വീകരിച്ചത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ്റെ അത്യന്തം രഹസ്യമായ നീക്കത്തിനൊടുവിലാണ് ഐഷാ പോറ്റിയുടെ ഈ രാഷ്ട്രീയ മാറ്റം എന്നത് സി.പി.എം കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്.
സതീശൻ്റെ ‘മാസ്റ്റർ സ്ട്രോക്ക്’
ഏതാനും മുതിർന്ന നേതാക്കൾക്ക് മാത്രം അറിവുണ്ടായിരുന്ന ഈ നീക്കം അതീവ രഹസ്യമായാണ് സതീശൻ നടപ്പിലാക്കിയത്. കൊട്ടാരക്കരയിൽ വലിയ ജനസ്വാധീനമുള്ള ഐഷാ പോറ്റിയെ പാളയത്തിലെത്തിക്കുന്നതിലൂടെ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കൊട്ടാരക്കര തിരിച്ച് പിടിക്കാമെന്നാണ് കോൺഗ്രസ് കണക്കുകൂട്ടുന്നത്. തെരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ ആശാനായ വി.ഡി. സതീശൻ്റെ കരുനീക്കങ്ങൾ മുഖ്യമന്ത്രി പിണറായി വിജയനും വലിയ തലവേദനയാകുമെന്ന് ഉറപ്പാണ്.
പിണറായിയെക്കാൾ ഭൂരിപക്ഷം; ഐഷയുടെ കരുത്ത്
2006-ൽ കേരള രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യൻ ആർ. ബാലകൃഷ്ണപിള്ളയെ 12,968 വോട്ടുകൾക്ക് അട്ടിമറിച്ചാണ് ഐഷാ പോറ്റി നിയമസഭയിലെത്തിയത്. പിന്നീട് ഓരോ തെരഞ്ഞെടുപ്പിലും അവരുടെ ജനപ്രീതി കുതിച്ചുയർന്നു:
- 2011: ഭൂരിപക്ഷം 20,592 ആയി ഉയർത്തി.
- 2016: 42,632 വോട്ടുകളുടെ വമ്പിച്ച ഭൂരിപക്ഷം.
കൗതുകകരമായ വസ്തുത, 2016-ൽ സി.പി.എമ്മിൻ്റെ ശക്തിദുർഗമായ ധർമ്മടത്ത് പിണറായി വിജയൻ നേടിയതിനേക്കാൾ (36,905) വലിയ ഭൂരിപക്ഷമാണ് ഐഷാ പോറ്റി കൊട്ടാരക്കരയിൽ നേടിയത്. ഇത് അവരുടെ ജനകീയതയുടെ അടിവരയിടുന്നു.
അവഗണനയിൽ പ്രതിഷേധിച്ചുള്ള മടക്കം
2021-ൽ പാർട്ടി ഐഷാ പോറ്റിക്ക് പകരം കെ.എൻ. ബാലഗോപാലിനെയാണ് രംഗത്തിറക്കിയത്. അന്ന് ബാലഗോപാലിന് ജയിക്കാൻ ഐഷാ പോറ്റിയുടെ ജനപ്രീതി വലിയ ഘടകമായിരുന്നു. എന്നാൽ ബാലഗോപാലിൻ്റെ ഭൂരിപക്ഷം വെറും 10,814 ആയി കുറഞ്ഞു. ജയിച്ച് ധനമന്ത്രിയായതോടെ ബാലഗോപാലും പാർട്ടിയും ഐഷാ പോറ്റിയെ പൂർണ്ണമായും അവഗണിച്ചു. കൊട്ടാരക്കരയിലെ ഒരു പരിപാടിയിലേക്കും അവരെ ക്ഷണിക്കാതായി.
ഉമ്മൻ ചാണ്ടി അനുസ്മരണത്തിൽ പങ്കെടുത്തതിന് ഐഷാ പോറ്റിക്കെതിരെ സി.പി.എം സൈബർ ആക്രമണം അഴിച്ചുവിട്ടിരുന്നു. എന്നാൽ ഇതിനെയെല്ലാം അക്ഷോഭ്യയായി നേരിട്ട അവർ ഒടുവിൽ തൻ്റെ രാഷ്ട്രീയ വഴി മാറ്റുകയായിരുന്നു.
ബാലഗോപാലിൻ്റെ ഭാവി കട്ടപ്പൊകയോ?
2026-ൽ ഭരണം ലഭിക്കില്ലെന്ന് ഉറപ്പായതോടെ പ്രതിപക്ഷ നേതാവ് കസേര സ്വപ്നം കണ്ട് നീങ്ങുന്ന കെ.എൻ. ബാലഗോപാലിന് ഐഷാ പോറ്റിയുടെ കടന്നുവരവ് കനത്ത തിരിച്ചടിയാണ്. കോൺഗ്രസ് ടിക്കറ്റിൽ ഐഷാ പോറ്റി കൊട്ടാരക്കരയിൽ വീണ്ടും മത്സരിച്ചാൽ ബാലഗോപാലിൻ്റെ പരാജയം ഉറപ്പാണെന്നാണ് രാഷ്ട്രിയ നിരീക്ഷകരുടെ വിലയിരുത്തൽ.
![]()
