തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തിൽ അടിയന്തര ഇടപെടലുകൾ ശക്തമാക്കി സർക്കാർ. മഴയുമായി ബന്ധപ്പെട്ട സ്ഥിതിഗതികൾ മണിക്കൂർ അടിസ്ഥാനത്തിൽ വിലയിരുത്താൻ മുഖ്യമന്ത്രി വി.ഡി. സതീശൻ നിർദ്ദേശം നൽകി. മഴയുടെ തീവ്രത, വെള്ളപ്പൊക്ക സാധ്യത, മണ്ണിടിച്ചിൽ ഭീഷണി എന്നിവ നിരന്തരം നിരീക്ഷിച്ച് ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാനാണ് നിർദേശം.
മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്ന് ദുരന്തനിവാരണ അതോറിറ്റി കമ്മീഷണർ വിഗ്നേശ്വരി ഐ.എ.എസ് ഇടുക്കി, കോട്ടയം ജില്ലാ കളക്ടർമാരുടെ യോഗം വിളിച്ചുചേർത്ത് സ്ഥിതിഗതികൾ വിലയിരുത്തി.
ഇടുക്കിയിലും കോട്ടയത്തും ജാഗ്രത
കാലാവസ്ഥാ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഇടുക്കി, കോട്ടയം ജില്ലകളിൽ എസ്.എം.എസ് അലർട്ടുകൾ നൽകിയിട്ടുണ്ട്. മഴയും അനുബന്ധ സാഹചര്യങ്ങളും വിലയിരുത്തി അപകടസാധ്യതയുള്ള മേഖലകളിൽ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
അപകടസാധ്യത വർധിക്കുന്ന സാഹചര്യത്തിൽ ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതുൾപ്പെടെയുള്ള ഒഴിപ്പിക്കൽ നടപടികൾക്ക് തയ്യാറെടുക്കാനും നിർദ്ദേശമുണ്ട്. പ്രാദേശിക സാഹചര്യങ്ങൾക്കനുസരിച്ച് ദുരന്തനിവാരണ സംവിധാനങ്ങൾ സജ്ജമാക്കാനും രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്.
നിലമ്പൂർ അമരമ്പലത്ത് അഞ്ച് പേർ ഒഴുക്കിൽപ്പെട്ടതായി വിവരം
അതേസമയം, നിലമ്പൂർ അമരമ്പലം ടി.കെ കോളനിയിൽ അഞ്ചുപേർ ഒഴുക്കിൽപ്പെട്ടതായി വിവരം ലഭിച്ചിട്ടുണ്ട്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ രക്ഷാപ്രവർത്തനം ശക്തമാക്കാൻ മുഖ്യമന്ത്രി അടിയന്തര നിർദേശം നൽകി.
ഈ മേഖലയിൽ ദുരന്തനിവാരണ സേനയുടെ പ്രത്യേക സംഘത്തെ വിന്യസിക്കാനും നിർദേശം നൽകിയിട്ടുണ്ട്. സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിച്ച് ആവശ്യമായ രക്ഷാപ്രവർത്തനങ്ങളും അടിയന്തര നടപടികളും സ്വീകരിക്കാനാണ് നിർദേശം.
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ അപകടസാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ അധികൃതരുടെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അടിയന്തര സാഹചര്യങ്ങളിൽ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ തയ്യാറായിരിക്കണമെന്നും നിർദേശമുണ്ട്.
