പുതുപ്പള്ളി: വെസ്റ്റിൻഡീസ് ക്രിക്കറ്റ് ഇതിഹാസവും ആരാധകരുടെ പ്രിയപ്പെട്ട ‘യൂണിവേഴ്സ് ബോസ്’ എന്നറിയപ്പെടുന്ന ക്രിസ് ഗെയ്ൽ പുതുപ്പള്ളിയിലെത്തി മുൻ കേരള മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കല്ലറയിൽ പുഷ്പാർച്ചന നടത്തി ആദരവ് അർപ്പിച്ചു.
കേരള സന്ദർശനത്തിന്റെ ഭാഗമായി പുതുപ്പള്ളിയിലെത്തിയ ഗെയ്ലിന്റെ സന്ദർശനം ക്രിക്കറ്റ് ആരാധകരുടെയും നാട്ടുകാരുടെയും ശ്രദ്ധ നേടി. ഉമ്മൻചാണ്ടിയുടെ കല്ലറയിൽ ആദരാഞ്ജലി അർപ്പിച്ച ശേഷമാണ് അദ്ദേഹം മറ്റ് പരിപാടികളിൽ പങ്കെടുത്തത്.
പുതുപ്പള്ളിയുടെ കായിക-സാംസ്കാരിക രംഗങ്ങൾക്ക് കൂടുതൽ ദേശീയ-അന്തർദേശീയ ശ്രദ്ധ നേടുക എന്ന ലക്ഷ്യത്തോടെയാണ് ഗെയ്ലിന്റെ സന്ദർശനം സംഘടിപ്പിച്ചത്. പുതുപ്പള്ളിയിൽ നടക്കുന്ന പൊതുപരിപാടിയിലും അദ്ദേഹം പങ്കെടുക്കുന്നുണ്ട്.
സന്ദർശനത്തിന്റെ ഭാഗമായി പുതുപ്പള്ളിയുടെ സാംസ്കാരിക പാരമ്പര്യം അവതരിപ്പിക്കുന്ന വിവിധ കലാരൂപങ്ങളോടെയുള്ള സ്വീകരണവും ഒരുക്കിയിരുന്നു. കഥകളി, പുലികളി, കൂടിയാട്ടം, കളരിപ്പയറ്റ്, തിരുവാതിര, കൂത്ത്, പഞ്ചാരിമേളം ഉൾപ്പെടെയുള്ള കലാരൂപങ്ങൾ പരിപാടിയുടെ ഭാഗമാകുമെന്ന് സംഘാടകർ അറിയിച്ചിരുന്നു. ഗെയ്ൽ വിദ്യാർഥികളുമായി സംവദിക്കുന്നതിനും അവസരമൊരുക്കിയിട്ടുണ്ട്.
വെന്നിമലയിൽ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിനായി പരിഗണിക്കുന്ന സ്ഥലവും ക്രിസ് ഗെയ്ൽ സന്ദർശിക്കുന്ന പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പുതുപ്പള്ളിയുടെ കായിക അടിസ്ഥാനസൗകര്യ വികസനത്തിനും ക്രിക്കറ്റ് പ്രചാരണ പ്രവർത്തനങ്ങൾക്കും ഗെയ്ലിന്റെ സാന്നിധ്യം കൂടുതൽ ശ്രദ്ധ നേടിക്കൊടുക്കുമെന്നാണ് പ്രതീക്ഷ.
കേരളത്തിലെ ജനപ്രിയ നേതാക്കളിൽ ഒരാളായിരുന്ന ഉമ്മൻചാണ്ടിയുടെ ഓർമ്മകൾക്ക് ആദരമർപ്പിച്ച ക്രിക്കറ്റ് ലോകത്തെ പ്രമുഖ താരത്തിന്റെ സന്ദർശനം പുതുപ്പള്ളിക്ക് ശ്രദ്ധേയമായ ഒരു നിമിഷമായി മാറുകയാണ്.
