തിരുവനന്തപുരം: പിണറായി സർക്കാരിൻ്റെ അഴിമതിക്കറ പുരണ്ട ഫയലുകൾ ഇ-ഓഫീസ് പരിഷ്കരണത്തിൻ്റെ പേരിൽ വെട്ടിനിരത്താനുള്ള ഗൂഢനീക്കം പൊളിഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ്റെ സമയോചിതമായ ഇടപെടലിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ കർശന നിർദ്ദേശം നൽകിയതോടെ, പാതിവഴിയിൽ പദ്ധതി ഉപേക്ഷിച്ച് സർക്കാർ പിൻവാങ്ങി. എന്നാൽ, ഈ നാണക്കേട് മറയ്ക്കാൻ ചീഫ് സെക്രട്ടറി പുറത്തിറക്കിയ വിചിത്രമായ സർക്കുലറാണ് ഇപ്പോൾ ചിരിക്കു വകനൽകുന്നത്.
മാസ്റ്റർ പ്ലാൻ തകർന്നു; സതീശൻ്റെ ‘സർജിക്കൽ സ്ട്രൈക്ക്’
ചീഫ് സെക്രട്ടറി എ. ജയതിലകിൻ്റെ ബുദ്ധിയിൽ വിരിഞ്ഞതെന്നു പറയപ്പെടുന്ന ഇ-ഓഫീസ് പരിഷ്കരണം ഈ മാസം 10 മുതൽ 15 വരെ നടപ്പാക്കാനായിരുന്നു നീക്കം. ഈ കാലയളവിൽ സിസ്റ്റം പ്രവർത്തനരഹിതമാക്കി നിർണ്ണായകമായ അഴിമതി ഫയലുകൾ ഡിജിറ്റൽ ലോകത്തുനിന്ന് എന്നന്നേക്കുമായി മായ്ച്ചുകളയാനായിരുന്നു സർക്കാർ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ ഈ ‘ഡിജിറ്റൽ അട്ടിമറി’ മണത്തറിഞ്ഞ വി.ഡി. സതീശൻ ഉടൻ തന്നെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. പെരുമാറ്റച്ചട്ടം നിലനിൽക്കെ ഇത്തരമൊരു നീക്കം ദുരൂഹമാണെന്ന പരാതി കമ്മീഷൻ ശരിവെച്ചതോടെ ചീഫ് സെക്രട്ടറിക്ക് ലഭിച്ചത് കനത്ത താക്കീതാണ്.
രാജാവായ കമ്മീഷനും വിനീതവിധേയനായ സർക്കാരും
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞാൽ ഭരണകൂടത്തിൻ്റെയും ഉദ്യോഗസ്ഥവൃന്ദത്തിൻ്റെയും മുകളിൽ അധികാരം കമ്മീഷനാണെന്ന തിരിച്ചറിവ് സർക്കാരിന് വൈകിയാണ് ഉണ്ടായത്. കമ്മീഷൻ്റെ കർശന നിർദ്ദേശത്തിന് മുന്നിൽ ഗത്യന്തരമില്ലാതെ പരിഷ്കരണം നീട്ടിവെക്കാൻ സർക്കാർ നിർബന്ധിതരായി. അഴിമതിയുടെ തെളിവുകൾ നശിപ്പിക്കാനുള്ള പിണറായി സർക്കാരിൻ്റെ ‘മാസ്റ്റർ പ്ലാൻ’ ഇതോടെ ചീട്ടു കൊട്ടാരം പോലെ തകർന്നു വീണു.
’അപേക്ഷിച്ചു’ പോലും! ചീഫ് സെക്രട്ടറിയുടെ പുതിയ തമാശ
പദ്ധതി പൊളിഞ്ഞതിനേക്കാൾ വലിയ നാണക്കേടായത് അത് അറിയിച്ചുകൊണ്ട് പുറത്തിറങ്ങിയ പുതിയ സർക്കുലറാണ്. “തിരഞ്ഞെടുപ്പ് കമ്മീഷൻ അപേക്ഷിച്ചതുകൊണ്ട് പരിഷ്കരണം നീട്ടിവെക്കുന്നു” എന്നാണ് സർക്കുലറിലെ വാചകം. കർശന നിർദ്ദേശം നൽകിയ കമ്മീഷൻ അപേക്ഷിച്ചു എന്ന് എഴുതിപ്പിടിപ്പിച്ചത് പരാജയഭീതിയും നാണക്കേടും മറയ്ക്കാനുള്ള ചീഫ് സെക്രട്ടറിയുടെ തറവേലയാണെന്ന് ആക്ഷേപം ഉയർന്നു കഴിഞ്ഞു. നിയമവ്യവസ്ഥയെയും കമ്മീഷനെയും പരിഹസിക്കുന്ന ഈ വാചകത്തിനെതിരെയും പ്രതിഷേധം ശക്തമാണ്.
![]()
