തിരുവനന്തപുരം: സംസ്ഥാനത്തെ മാധ്യമങ്ങൾക്ക് സർക്കാർ നൽകാനുള്ള പരസ്യ കുടിശിക കുമിഞ്ഞുകൂടുന്നു. ടെലിവിഷൻ ചാനലുകൾക്കും പത്രങ്ങൾക്കുമായി ഏകദേശം 100 കോടി രൂപയുടെ കുടിശികയാണ് നിലവിലുള്ളത്. പി.ആർ.ഡി (Information and Public Relations Department) കുടിശിക തീർക്കാൻ ഫണ്ട് ആവശ്യപ്പെട്ടെങ്കിലും, സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി മൂലം ധനവകുപ്പിൽ നിന്ന് തുക അനുവദിച്ചിട്ടില്ല.
ചാനലുകൾക്ക് നൽകാനുള്ളത് 20 കോടി
ദൃശ്യമാധ്യമങ്ങൾക്ക് മാത്രം 20 കോടി രൂപയാണ് സർക്കാർ നൽകാനുള്ളത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ വിവിധ ഘട്ടങ്ങളിലായി തുക അനുവദിച്ചിട്ടുണ്ടെങ്കിലും വലിയൊരു ഭാഗം ഇപ്പോഴും കുടിശികയായി തുടരുന്നു.
കഴിഞ്ഞ വർഷങ്ങളിൽ അനുവദിച്ച തുകയുടെ കണക്ക് ഇങ്ങനെ:
- 2021-22: 18.40 കോടി രൂപ
- 2022-23: 5.23 കോടി രൂപ
- 2023-24: 4.33 കോടി രൂപ
- 2024-25: 4.33 കോടി രൂപ
- 2025-26: 13 കോടി രൂപ
പത്രങ്ങളുടെ കുടിശിക 80 കോടി
ചാനലുകളെ അപേക്ഷിച്ച് അച്ചടി മാധ്യമങ്ങൾക്കാണ് സർക്കാർ വൻതുക നൽകാനുള്ളത്. പത്രങ്ങളുടെ പരസ്യ കുടിശിക മാത്രം 80 കോടി രൂപയാണ്. ഇതോടെ പത്രങ്ങൾക്കും ചാനലുകൾക്കും കൂടി ആകെ 100 കോടിയുടെ ബാധ്യതയാണ് സർക്കാരിന് മുന്നിലുള്ളത്.
’ഭാരം’ അടുത്ത സർക്കാരിന്
നിലവിലെ സാമ്പത്തിക വർഷം അവസാനിക്കാറായിട്ടും ഫണ്ട് അനുവദിക്കാത്ത സാഹചര്യത്തിൽ, ഈ 100 കോടി രൂപയുടെ കുടിശിക തീർക്കേണ്ട ഉത്തരവാദിത്തം അടുത്ത സർക്കാരിന്റെ ചുമലിലാകും. മുഖ്യമന്ത്രിയുടെ ചിത്രം വെച്ച് നൽകിയ വൻ പരസ്യങ്ങളുടെ കുടിശിക വരാനിരിക്കുന്ന യു.ഡി.എഫ് സർക്കാർ നൽകേണ്ടി വരുമെന്ന രാഷ്ട്രീയ ചർച്ചകൾക്കും ഇത് വഴിതുറന്നിട്ടുണ്ട്.
![]()
