തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റും പുറത്തുവന്നപ്പോൾ നിരാശയിലായിരിക്കുകയാണ് സംസ്ഥാനത്തെ ലക്ഷക്കണക്കിന് വരുന്ന ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾ. 2021-ലെ എൽ.ഡി.എഫ് പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്ത 2500 രൂപ എന്ന ലക്ഷ്യം വെറും പാഴ് വാക്കായി മാറി. ധനമന്ത്രി കെ.എൻ ബാലഗോപാൽ തന്റെ ആറാമത്തെ ബജറ്റ് അവതരിപ്പിച്ചു കഴിഞ്ഞപ്പോഴും ക്ഷേമ പെൻഷനിൽ ഒരു രൂപയുടെ പോലും വർധനവ് വരുത്താൻ സർക്കാർ തയ്യാറായില്ല.
വാഗ്ദാനങ്ങൾ മറന്ന ആറു ബജറ്റുകൾ
സാധാരണഗതിയിൽ ഓരോ ബജറ്റിലും ഘട്ടംഘട്ടമായി പെൻഷൻ തുക വർധിപ്പിക്കാറാണ് പതിവ്. എന്നാൽ ബാലഗോപാൽ അവതരിപ്പിച്ച താഴെ പറയുന്ന ആറ് ബജറ്റുകളിലും പെൻഷൻ വർധനവ് അദൃശ്യമായിരുന്നു:
- 2021-22 (പുതുക്കിയ ബജറ്റ്)
- 2022-23
- 2023-24
- 2024-25
- 2025-26
- 2026-27
പ്രകടനപത്രികയിലെ ഉറപ്പ് പാലിക്കണമെങ്കിൽ പെൻഷൻ തുക 2500 രൂപയിൽ എത്തേണ്ടതായിരുന്നു. എന്നാൽ നിലവിൽ ഇത് 2000 രൂപയിൽ തന്നെ തുടരുകയാണ്.
തിരിച്ചടിയായ ‘വോട്ട് തന്ത്രം’
തദ്ദേശ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് പെൻഷൻ തുകയിൽ 400 രൂപ വർധിപ്പിച്ച് 2000 ആക്കി ഉയർത്തിയിരുന്നു. വോട്ട് പിടിക്കാനുള്ള തന്ത്രമായി ജനങ്ങൾ ഇതിനെ കണ്ടതോടെ തദ്ദേശ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് കനത്ത തിരിച്ചടി നേരിടേണ്ടി വന്നു. ഈ പരാജയത്തിന് പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പിലും വലിയ തോൽവി ഭയക്കുന്നതിനിടെയാണ് ജനങ്ങളെ വീണ്ടും നിരാശരാക്കുന്ന ബജറ്റ് പ്രഖ്യാപനം വന്നിരിക്കുന്നത്.
പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്ത 2500 രൂപ ക്ഷേമ പെൻഷൻ തരാത്ത ബാലഗോപാലിൻ്റെ സമീപനത്തിനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് ഉയരുന്നത്.
എൽ.ഡി.എഫ് പ്രകടന പത്രികയിലെ 2500 രൂപ ക്ഷേമ പെൻഷൻ ഉയർത്തേണ്ട ചുമതല യു.ഡി.എഫിന് നൽകുന്ന ധനകാര്യ സിദ്ധാന്തം ആണ് ബാലഗോപാൽ പയറ്റിയത്. എല്ലാം ആ ചേട്ടൻ തരും എന്ന് സതീശനെ ചൂണ്ടി ബാലഗോപാൽ പറയുന്ന രാഷ്ട്രിയ അഭ്യാസം ആണ് ബജറ്റിൽ കണ്ടത്.
![]()
