തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണമോഷണവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ തരംഗമായ ‘പോറ്റിയെ കേറ്റിയെ’ എന്ന പാരഡി ഗാനത്തിന്റെ ലിങ്കുകൾ നീക്കം ചെയ്യാനുള്ള പൊലീസ് നീക്കത്തിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്ത്. ഗാനത്തിന്റെ ലിങ്കുകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരള പൊലീസ് നൽകിയ നിർദ്ദേശത്തെ മറികടക്കാൻ അദ്ദേഹം ഫേസ്ബുക്ക് മാതൃകമ്പനിയായ മെറ്റയ്ക്ക് കത്തയച്ചു.
ഗാനം നീക്കം ചെയ്യുന്നത് മൗലികാവകാശങ്ങളുടെയും ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെയും ലംഘനമാണെന്ന് കത്തിൽ സതീശൻ ചൂണ്ടിക്കാട്ടി. ഒരു കോടതിയുടെയും ഉത്തരവില്ലാതെ കേവലം ഭരണകൂടത്തിന്റെയോ പൊലീസിന്റെയോ നിർദ്ദേശപ്രകാരം ഉള്ളടക്കം നീക്കം ചെയ്യുന്നത് ജനാധിപത്യപരമായ കീഴ്‌വഴക്കമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
കത്തിലെ പ്രധാന ഭാഗങ്ങൾ:
പാരഡിയും ആക്ഷേപഹാസ്യവും ഭരണഘടനാപരമായ സംരക്ഷണമള്ള ആവിഷ്കാര രീതികളാണ്. വ്യക്തമായ നിയമലംഘനം തെളിയിക്കപ്പെടാതെ പൗരന്മാരുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കോടതി ഉത്തരവില്ലാത്ത ഇത്തരം നീക്കങ്ങൾ സെൻസർഷിപ്പിന് തുല്യമാണെന്നും അത് കലാകാരന്മാരോടുള്ള അനീതിയാണെന്നും വി.ഡി. സതീശൻ കത്തിൽ കുറിച്ചു.
ശബരിമലയിലെ സ്വർണ്ണ ഉരുപ്പടികളിൽ വെട്ടിപ്പ് നടത്തിയെന്ന ആരോപണത്തെ ആസ്പദമാക്കി നിർമ്മിച്ച ഗാനം ഇതിനോടകം തന്നെ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിതെളിച്ചിട്ടുണ്ട്. ഉള്ളടക്കം മെറ്റയുടെ നയങ്ങൾക്ക് വിരുദ്ധമാണെന്ന് വ്യക്തമാകാത്ത പക്ഷം പൊലീസിന്റെ സമ്മർദ്ദത്തിന് വഴങ്ങരുതെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
![]()
