തിരുവനന്തപുരം: ജനാധിപത്യത്തെ കശാപ്പ് ചെയ്താണ് തിരഞ്ഞെടുപ്പിന് മുൻപേ കണ്ണൂരിൽ സി.പി.എം സ്ഥാനാർത്ഥികൾ വിജയം ആഘോഷിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപിച്ചു. ഗുണ്ടായിസം കാട്ടിയും ഭയപ്പെടുത്തിയും എതിർ സ്ഥാനാർത്ഥികളെയോ എതിർ രാഷ്ട്രീയത്തെയോ അനുവദിക്കാത്ത ഒരു പാർട്ടിയുടെ ‘കാടത്തമാണ്’ സി.പി.എമ്മിന്റെ ആഘോഷങ്ങളിലൂടെ പുറത്തു വരുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സംസ്ഥാന സെക്രട്ടറിയുടെ വാർഡിൽ പോലും സി.പി.എം ക്രിമിനലുകൾ യു.ഡി.എഫ് സ്ഥാനാർത്ഥികളാകാൻ തയ്യാറായവരെ ഭീഷണിപ്പെടുത്തി. “പഞ്ചായത്തിലും സ്വന്തം വാർഡിലും ജില്ലയിലും ജനാധിപത്യവും സ്വാതന്ത്ര്യവും അനുവദിക്കാത്ത പിണറായി വിജയനും എം.വി ഗോവിന്ദനുമാണോ ഫാഷിസ്റ്റ് വിരുദ്ധ ക്ലാസെടുക്കുന്നത്? ജനാധിപത്യത്തിന് എന്തൊരു അപമാനമാണിത്?”- വി.ഡി. സതീശൻ ചോദിച്ചു. ബംഗാളിലെ അവസാനകാലത്തുണ്ടായിരുന്നതിനേക്കാൾ ജനാധിപത്യ വിരുദ്ധമായും മാഫിയാ സംഘമായുമാണ് കേരളത്തിൽ സി.പി.എം പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പത്രിക തള്ളാൻ ഉദ്യോഗസ്ഥരുടെ ശ്രമം: ‘സി.പി.എം ഫ്രാക്ഷൻ’
യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശ പത്രികകൾ സൂക്ഷ്മ പരിശോധനയിൽ നിയമവിരുദ്ധമായി തള്ളാൻ സി.പി.എം ഫ്രാക്ഷൻ പോലെ ഒരു സംഘം തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പ്രവർത്തിച്ചതായും പ്രതിപക്ഷ നേതാവ് ആരോപിച്ചു. സി.പി.എം ക്രിമിനൽ സംഘത്തിന്റെ ഭീഷണിയുള്ള കണ്ണൂർ ജില്ലയിലെ മലപ്പട്ടം, കണ്ണപുരം, ആന്തൂർ എന്നിവിടങ്ങളിൽ ഇത് വ്യക്തമായിരുന്നു. മലപ്പട്ടം പഞ്ചായത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ പത്രിക തള്ളാൻ, വരണാധികാരിക്ക് മുന്നിൽ സ്ഥാനാർത്ഥി ഇട്ട ഒപ്പ് വ്യാജമാണെന്ന വിചിത്രമായ കണ്ടെത്തലാണ് ഉദ്യോഗസ്ഥൻ നടത്തിയത്.
എറണാകുളം കടമക്കുടിയിൽ യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് പത്രിക സമർപ്പിക്കാൻ വരണാധികാരിക്ക് മുന്നിൽ എത്തുന്നത് വൈകിപ്പിക്കാൻ പൊലീസ് ഉദ്യോഗസ്ഥർ ശ്രമിച്ചു. പാലക്കാട് അട്ടപ്പാടിയിൽ എതിർ സ്ഥാനാർത്ഥിയെ തട്ടിക്കളയുമെന്നാണ് സി.പി.എം ലോക്കൽ സെക്രട്ടറിയുടെ ഭീഷണി എന്നും അദ്ദേഹം പറഞ്ഞു.
ഖാദി ബോർഡ് വിഷയത്തിൽ ഇരട്ടനീതി
കണ്ണൂർ, കാസർകോട് ജില്ലകളിൽ ഖാദി ബോർഡിലെ താത്കാലിക ജീവനക്കാരായ നാല് സി.പി.എം സ്ഥാനാർത്ഥികളുടെ പത്രിക അംഗീകരിച്ച തിരഞ്ഞെടുപ്പ് കമ്മിഷൻ, എറണാകുളം ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥിയുടെ പത്രിക ഇതേ കാരണം ചൂണ്ടിക്കാട്ടി തള്ളിയത് ഇരട്ടനീതിയാണ്. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പക്ഷപാതപരമായ നടപടിയെ യു.ഡി.എഫ് നിയമപരമായി നേരിടും എന്നും സതീശൻ വ്യക്തമാക്കി.
![]()
