തിരുവനന്തപുരം: പ്രശസ്ത സാഹിത്യകാരൻ എസ്. മഹാദേവൻ തമ്പിയുടെ ബൃഹദ് നോവലായ ‘നില’ത്തിന്റെ ഇംഗ്ലീഷ് പരിഭാഷ ‘പാഡി വിസ്പറർ’ (Paddy Whisperer) ഇന്റർനാഷണൽ എഡിഷൻ ഡോ. ശശി തരൂർ എം.പി തിരുവനന്തപുരത്ത് പ്രകാശനം ചെയ്തു. മുൻ ഡെപ്യൂട്ടി സ്പീക്കർ പാലോട് രവി പുസ്തകം ഏറ്റുവാങ്ങി.
ലണ്ടൻ ആസ്ഥാനമായുള്ള പ്രശസ്ത പ്രസാധകരായ ‘ലെജൻഡ് ടൈംസ്’ (Legend Times) ആണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. വിഖ്യാത വിവർത്തക രാധിക പി. മേനോനാണ് ‘നില’ത്തിന് ഇംഗ്ലീഷിലേക്ക് മനോഹരമായ മൊഴിമാറ്റം നിർവഹിച്ചത്. കേരളത്തിലെ നെൽനിലങ്ങളുടെ പശ്ചാത്തലത്തിൽ മണ്ണിന്റെയും മനുഷ്യരുടെയും അറിയാക്കഥകൾ അനാവരണം ചെയ്യുന്ന അസാധാരണ കൃതി എന്ന നിലയിലാണ് ലെജൻഡ് ടൈംസ് തങ്ങളുടെ ബൃഹദ് നോവൽ വിഭാഗത്തിൽ ഉൾപ്പെടുത്തി ‘പാഡി വിസ്പറർ’ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
നേരത്തെ, പുസ്തകത്തിന്റെ ഏഷ്യാ എഡിഷൻ ആദ്യപ്രതി പാലോട് രവിയിൽ നിന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഏറ്റുവാങ്ങിയിരുന്നു. തിരുവനന്തപുരത്ത് നടന്ന പ്രകാശന ചടങ്ങിൽ ചെമ്പഴന്തി അനിൽ, ബി. ജയചന്ദ്രൻ, പ്രവീൺ, പത്മകുമാർ, അഡ്വ. വിനോദ് സെൻ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.
അടുത്തകാലത്ത് ലെജൻഡ് ടൈംസ് ലണ്ടനിൽ പ്രസിദ്ധീകരിച്ച എസ്. മഹാദേവൻ തമ്പിയുടെ ‘മൃത്യുസൂത്രം’ എന്ന നോവലിന്റെ പരിഭാഷയും, തിരഞ്ഞെടുത്ത കഥകളുടെ സമാഹാരമായ ‘വീപ്പിംഗ് നീഡിൽ’ (Weeping Needle) എന്ന കൃതിയും അന്താരാഷ്ട്ര തലത്തിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇതിന് പിന്നാലെയാണ് മലയാളത്തിന്റെ മണ്ണിന്റെ ഗന്ധമുള്ള ‘നില’വും ഇംഗ്ലീഷിലൂടെ ആഗോള വായനക്കാരിലേക്ക് എത്തുന്നത്.
