കൊച്ചി/വയനാട്: അർജന്റീന ഫുട്ബോൾ താരം ലയണൽ മെസിയെ കേരളത്തിൽ എത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ സാമ്പത്തിക തട്ടിപ്പ് കേസിലെ തിരച്ചിലിനിടെ, റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ കുടുംബവീട്ടിൽനിന്ന് വൻ മദ്യശേഖരം എക്സൈസ് സംഘം പിടിച്ചെടുത്തു. വയനാട് മീനങ്ങാടി വാഴവറ്റയിലെ വീട്ടിൽ ബുധനാഴ്ച പുലർച്ചെ പൊലീസ് നടത്തിയ പരിശോധനയിലാണ് 43 ലിറ്റർ വിദേശമദ്യവും 7 ലിറ്റർ വൈനും കണ്ടെത്തിയത്.
മെസി സന്ദർശനവുമായി ബന്ധപ്പെട്ട രേഖകളും ഡിജിറ്റൽ തെളിവുകളും പിടിച്ചെടുക്കുന്നതിനായി എഡിജിപി പി. വിജയന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം (SIT) കൊച്ചിയിലെ റിപ്പോർട്ടർ ചാനൽ ഓഫിസിലും ആന്റോ അഗസ്റ്റിന്റെ വസതികളിലുമുൾപ്പെടെ അഞ്ചിടങ്ങളിൽ ഒരേസമയം റെയ്ഡ് നടത്തുകയായിരുന്നു. വയനാട്ടിലെ വീട്ടിൽ വലിയ അളവിൽ മദ്യം കണ്ടെത്തിയതോടെ പൊലീസ് വിവരമറിയിച്ചതിനെ തുടർന്ന് കൽപറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷറഫുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി മദ്യശേഖരം കസ്റ്റഡിയിലെടുത്തു.
നിയമപ്രകാരം ഒരാൾക്ക് വ്യക്തിഗത ആവശ്യത്തിനായി സൂക്ഷിക്കാവുന്ന മദ്യത്തിന്റെ പരിധി 3 ലിറ്ററും വൈനിന്റെ പരിധി 3.5 ലിറ്ററുമാണ്. ഈ പരിധി ലംഘിച്ച പശ്ചാത്തലത്തിൽ ആന്റോ അഗസ്റ്റിനെതിരെ അബ്കാരി ആക്ട് പ്രകാരം ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി പ്രത്യേകം കേസ് രജിസ്റ്റർ ചെയ്യുമെന്ന് എക്സൈസ് അറിയിച്ചു. വ്യാജ കരാറുകളുണ്ടാക്കി സർക്കാരിനെയും മറ്റുള്ളവരെയും വഞ്ചിച്ചതിന് ആന്റോ അഗസ്റ്റിനെ ഒന്നാം പ്രതിയാക്കിയാണ് കളമശ്ശേരി പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പിടിച്ചെടുത്ത മദ്യം വിദേശത്തുനിന്ന് നേരിട്ട് എത്തിച്ചതാണോ എന്നതിനെക്കുറിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണ്.
