തിരുവനന്തപുരം: റിപ്പോർട്ടർ ചാനൽ സംഘടിപ്പിക്കാനിരുന്ന ‘കാബിനറ്റ് ഓണം സ്പെഷ്യൽ’ പരിപാടിയിൽ നിന്ന് മന്ത്രിമാർ പിൻവാങ്ങി. മുഖ്യമന്ത്രി വി. ഡി. സതീശൻ എടുത്ത കർക്കശ നിലപാടിനെ തുടർന്നാണ് തിരുവനന്തപുരത്ത് നടക്കേണ്ടിയിരുന്ന ഈ ഹൈ-പ്രൊഫൈൽ പരിപാടി ഉപേക്ഷിക്കേണ്ടി വന്നത്.

ഈ മാസം 13-ന് തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ വച്ചായിരുന്നു പരിപാടി ചിത്രീകരിക്കാൻ പദ്ധതിയിട്ടിരുന്നത്. അന്നേ ദിവസത്തെ മന്ത്രിസഭാ യോഗത്തിന് തൊട്ടുപിന്നാലെ ഡോ. അരുൺ കുമാറിന്റെ ചുമതലയിൽ പരിപാടി നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്.
എന്നാൽ, ഫുട്ബോൾ താരം മെസ്സിയെ കേരളത്തിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് ജി.എസ്.ടി (GST) തട്ടിപ്പ് നടത്തിയെന്ന ആരോപണം നേരിടുന്ന റിപ്പോർട്ടർ മാനേജ്‌മെന്റ് തലവൻ ആന്റോ അഗസ്റ്റിന്റെ ചാനൽ പരിപാടിയിൽ പങ്കെടുക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ വ്യക്തമാക്കുകയായിരുന്നു. മരംമുറി കേസ് അടക്കം നിരവധി തട്ടിപ്പ് കേസുകളിൽ പ്രതിയായ വ്യക്തിയുമായി ബന്ധപ്പെട്ട ചാനൽ പരിപാടികളോട് സഹകരിക്കേണ്ടതില്ലെന്ന മുഖ്യമന്ത്രിയുടെ തീരുമാനത്തോട് മറ്റ് മന്ത്രിമാരും പൂർണ്ണമായി യോജിച്ചു.
ഇതോടെ, സർക്കാരുമായി അടുപ്പം സ്ഥാപിച്ച് കേസുകളിൽ നിന്നും വിവാദങ്ങളിൽ നിന്നും രക്ഷപ്പെടാനുള്ള റിപ്പോർട്ടർ മാനേജ്‌മെന്റിന്റെയും ഡോ. അരുൺ കുമാറിന്റെയും “ഓണം നയതന്ത്രം” പൂർണ്ണമായും പരാജയപ്പെട്ടു.
