തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷേമ പെൻഷൻ വിതരണം ഈ മാസവും മാറ്റമില്ലാതെ പഴയ രീതിയിൽ തന്നെ തുടരും. ബാങ്ക് അക്കൗണ്ടുകൾ വഴിയും സഹകരണ ബാങ്ക് ജീവനക്കാർ വഴി ഗുണഭോക്താക്കളുടെ വീടുകളിൽ നേരിട്ടെത്തിക്കുന്ന രീതിയിലുമായിരിക്കും ഈ മാസത്തെയും പെൻഷൻ വിതരണം നടപ്പിലാക്കുക.
അതേസമയം, വരും മാസങ്ങളിൽ ക്ഷേമ പെൻഷൻ വിതരണ സംവിധാനത്തിൽ വലിയ പരിഷ്കാരം നടപ്പിലാക്കാൻ സർക്കാർ ഒരുങ്ങുകയാണ്. കിടപ്പുരോഗികൾ ഒഴികെയുള്ള മുഴുവൻ സാമൂഹ്യസുരക്ഷാ/ക്ഷേമനിധി ബോർഡ് പെൻഷൻ ഗുണഭോക്താക്കൾക്കും തുക പൂർണ്ണമായും ഡി.ബി.റ്റി (Direct Benefit Transfer – ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നൽകുന്ന രീതി) മോഡ് വഴി മാത്രം നൽകുന്നത് തത്വത്തിൽ അംഗീകരിച്ച് ധനകാര്യ വകുപ്പ് 2026 ജൂലൈ 27-ന് ഉത്തരവിറക്കി.
വീടുകളിൽ നേരിട്ടെത്തി പെൻഷൻ നൽകുന്ന രീതി ഘട്ടംഘട്ടമായി അവസാനിപ്പിച്ച് സുതാര്യതയും കാര്യക്ഷമതയും വർദ്ധിപ്പിക്കുകയാണ് പുതിയ നീക്കത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. എന്നാൽ പുതിയ ഡി.ബി.റ്റി അധിഷ്ഠിത വിതരണ രീതി എന്ന് മുതൽ പൂർണ്ണമായി നടപ്പിലാക്കുമെന്ന കാര്യത്തിൽ ധനകാര്യ വകുപ്പ് ഉടൻ തന്നെ അന്തിമ തീരുമാനമെടുക്കും.
ഇതിനാവശ്യമായ സാങ്കേതിക ഒരുക്കങ്ങളും ബാങ്ക് അക്കൗണ്ട് അപ്ഡേഷനുകളും പൂർത്തിയാക്കിയ ശേഷമായിരിക്കും പുതിയ രീതി പ്രാബല്യത്തിൽ വരിക.