തിരുവനന്തപുരം: സംസ്ഥാനത്തെ വ്യവസായ വികസനത്തിനും ചെറു കിട-ഇടത്തരം (MSME) സംരംഭങ്ങൾക്കും ഊർജമേകി കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (KFC) നടപ്പിലാക്കുന്ന “മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി”യുടെ (CMEDP) വിപുലീകരണ ഉദ്ഘാടനവും ആദ്യ വായ്പകളുടെ വിതരണവും ഇന്ന്, 2026 ഓഗസ്റ്റ് 6 വ്യാഴാഴ്ച ഉച്ചയ്ക്ക് 12.00 ന് നടക്കും.
തിരുവനന്തപുരം തൈക്കാട് ‘ലെമൺ ട്രീ പ്രീമിയർ ഹോട്ടലിൽ’ വെച്ച് നടക്കുന്ന ചടങ്ങിൽ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. വി. ഡി. സതീശൻ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനവും വായ്പ വിതരണവും നിർവഹിക്കും.
പദ്ധതിയുടെ പ്രധാന സവിശേഷതകൾ:
സാമ്പത്തിക സഹായം: അർഹരായ സംരംഭകർക്ക് 5 കോടി രൂപ വരെ വായ്പ ലഭ്യമാക്കുന്നു.
കുറഞ്ഞ പലിശ നിരക്ക്: വെറും 6% പലിശ നിരക്കിൽ വായ്പ ലഭ്യമാക്കും.
ലളിതമായ നടപടികൾ: ലളിതമായ വ്യവസ്ഥകളോടെ അതിവേഗം വായ്പ ലഭ്യമാക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ട്.
ലക്ഷ്യം: സംസ്ഥാനത്ത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും വ്യവസായ മേഖലയെ ശക്തിപ്പെടുത്തുകയും ചെയ്യുക.
സംസ്ഥാനത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ പുരോഗതിയിൽ സുപ്രധാന നാഴികക്കല്ലാകുന്ന ഈ ചടങ്ങിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി കെ.എഫ്.സി മാനേജിങ് ഡയറക്ടർ ഉമേഷ് എൻ. എസ്. കെ ഐ.എ.എസ് അറിയിച്ചു.