തിരുവനന്തപുരം: സംസ്ഥാന ജീവനക്കാർക്ക് അർഹമായ പുതിയ ക്ഷാമബത്ത (ഡി.എ) വർധന ഉടൻ നൽകുന്നത് സർക്കാർ സജീവമായി പരിഗണിക്കുകയാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തി ജീവനക്കാരുടെ എല്ലാ ആനുകൂല്യങ്ങളും ഘട്ടംഘട്ടമായി പൂർണമായി പുനഃസ്ഥാപിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.
കേരള ഫിനാൻസ് സെക്രട്ടറിയേറ്റ് അസോസിയേഷന്റെ 61-ാമത് വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷമുള്ള ഡി.എ വർധന ജീവനക്കാർക്ക് നൽകുന്നത് സർക്കാരിന്റെ പരിഗണനയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
മുൻ സർക്കാരിന്റെ ധനകാര്യ മാനേജ്‌മെന്റിലെ വീഴ്ചകളും യാഥാർത്ഥ്യബോധമില്ലാത്ത സാമ്പത്തിക സമീപനവുമാണ് സംസ്ഥാനത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചത്. മുൻ സർക്കാരിന്റെ കാലത്ത് രൂപപ്പെട്ട ₹21,000 കോടിയിലധികം ഡി.എ കുടിശ്ശികയും ₹14,000 കോടി ഡി.ആർ കുടിശ്ശികയും ഉൾപ്പെടെ ഏകദേശം ₹35,000 കോടിയുടെ ബാധ്യത ഇപ്പോഴത്തെ സർക്കാരിന് ഏറ്റെടുക്കേണ്ടി വന്നതായി അദ്ദേഹം പറഞ്ഞു.
ഈ ബാധ്യതകൾ ഉണ്ടായിരുന്നാലും ജീവനക്കാരുടെ ആനുകൂല്യങ്ങൾ വെട്ടിക്കുറയ്ക്കുന്ന നയം സർക്കാരിനില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സാമ്പത്തിക സ്ഥിതി വിലയിരുത്തി കൃത്യമായ പരിശോധനകൾക്ക് ശേഷം കുടിശ്ശികകൾ ഘട്ടംഘട്ടമായി വിതരണം ചെയ്യുമെന്നും അദ്ദേഹം ഉറപ്പുനൽകി.
മെഡിസെപ്പ് പദ്ധതിയും പരിഷ്കരിക്കും
നിലവിലെ മെഡിസെപ്പ് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിലെ പോരായ്മകൾ പരിഹരിച്ച് കൂടുതൽ പ്രയോജനപ്രദമായ രീതിയിൽ പുനഃസംഘടിപ്പിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ജീവനക്കാരെ രാഷ്ട്രീയപരമായി ലക്ഷ്യമിട്ട് സ്ഥലംമാറ്റുകയോ ഉപദ്രവിക്കുകയോ ചെയ്യുന്ന നടപടികൾ ഈ സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സാമ്പത്തിക വളർച്ചയാണ് ലക്ഷ്യം
നികുതി വർധിപ്പിക്കുന്നത് മാത്രം വരുമാനം കൂട്ടില്ലെന്നും, ഇന്ധന നികുതി വർധനയെത്തുടർന്ന് വിൽപ്പനയും വരുമാനവും കുറഞ്ഞ അനുഭവം സംസ്ഥാനത്തിനുണ്ടായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അനാവശ്യ ചെലവുകൾ നിയന്ത്രിക്കുകയും പദ്ധതിനടത്തിപ്പിൽ ഉത്തരവാദിത്തം ഉറപ്പാക്കുകയും ചെയ്ത് ഖജനാവിലെ ചോർച്ച പൂർണമായി തടയുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പരിസ്ഥിതി സൗഹൃദ സ്വകാര്യ നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിച്ച് സംസ്ഥാനത്ത് സാമ്പത്തിക പ്രവർത്തനങ്ങൾ സജീവമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘പോർട്ട് സിറ്റി’ കേരളം ലക്ഷ്യം
വിഴിഞ്ഞം ഉൾപ്പെടെയുള്ള അന്താരാഷ്ട്ര തുറമുഖങ്ങൾ, 18 ചെറുതുറമുഖങ്ങൾ, 600 കിലോമീറ്റർ നീളമുള്ള തീരപ്രദേശം എന്നിവയെ ഏകോപിപ്പിച്ച് കേരളത്തെ വലിയൊരു ‘പോർട്ട് സിറ്റി’ ആക്കി മാറ്റാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളെ കേന്ദ്രീകരിച്ച് ഏവിയേഷൻ ഹബ്ബുകളും എം.എസ്.എം.ഇ വ്യവസായങ്ങളും വികസിപ്പിച്ച് വൻതോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതങ്ങൾ ട്രഷറി നിയന്ത്രണങ്ങളിൽ കുടുങ്ങി നഷ്ടപ്പെടുന്ന സാഹചര്യം അവസാനിപ്പിച്ച് ഗ്രാന്റുകൾ കൃത്യസമയത്ത് ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി.
സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് സംസ്ഥാനത്തെ കരകയറ്റാൻ സെക്രട്ടറിയേറ്റ് ജീവനക്കാരും സർക്കാരും ഒരു ടീമായി പ്രവർത്തിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
പരിപാടിയിൽ വിവിധ മന്ത്രിമാരും സെക്രട്ടറിയേറ്റ് ജീവനക്കാരുടെ സംഘടനാ നേതാക്കളും പങ്കെടുത്തു.