തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കാലത്ത് ജനങ്ങൾക്ക് നൽകിയ പ്രധാന വാഗ്ദാനങ്ങളിലൊന്ന് യാഥാർത്ഥ്യമാക്കിക്കൊണ്ട് സംസ്ഥാനത്തെ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്രയൊരുക്കുന്ന ‘പ്രിയദർശിനി’ പദ്ധതിക്ക് തുടക്കമായി. തിരുവനന്തപുരം തമ്പാനൂർ ബസ് ടെർമിനലിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു. വനിതാ ഡ്രൈവറും കണ്ടക്ടറും നിയന്ത്രിച്ച പ്രത്യേക ഉദ്ഘാടന സർവീസിൽ മുഖ്യമന്ത്രിയും ജനപ്രതിനിധികളും ആദ്യയാത്രക്കാരായി പങ്കെടുത്തു.
തിരഞ്ഞെടുപ്പ് കാലത്ത് ജനങ്ങളോട് പറഞ്ഞ വാക്ക് പാലിക്കാനായെന്ന വലിയ സന്തോഷത്തോടെയാണ് ഈ ബസിൽ യാത്ര തുടങ്ങുന്നതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു.
“ഇത് വെറുമൊരു ബസ് യാത്രയല്ല. കേരളത്തിലെ സ്ത്രീകളുടെ ആത്മാഭിമാനം ഉയർത്തിപ്പിടിക്കുകയും അവരെ സ്വയംപര്യാപ്തതയിലേക്കും സാമ്പത്തിക സുരക്ഷിതത്വത്തിലേക്കും നയിക്കുന്നൊരു യാത്രയുടെ തുടക്കമാണ്. പുതുയുഗ കേരളത്തിലേക്കുള്ള യു.ഡി.എഫ് സർക്കാരിന്റെ നിർണായക ചുവടുവയ്പ് കൂടിയാണിത്,” മുഖ്യമന്ത്രി വ്യക്തമാക്കി.
എല്ലാ വീടുകളിലും മാറ്റമുണ്ടാകും
പ്രിയദർശിനി പദ്ധതി വഴി ഉണ്ടാകുന്ന മാറ്റം കേരളത്തിലെ എല്ലാ വീടുകളിലുമെത്തുമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. പ്രത്യേകിച്ച് ജോലി സംബന്ധമായും വിദ്യാഭ്യാസത്തിനായും കിലോമീറ്ററുകളോളം ദിവസേന സഞ്ചരിക്കേണ്ടി വരുന്ന പതിനായിരക്കണക്കിന് സ്ത്രീകൾക്ക് ഈ തീരുമാനം വലിയ ആശ്വാസമാകും. ഇത്രയും നാൾ യാത്രാ ടിക്കറ്റിന് വേണ്ടി മാറ്റി വെച്ചിരുന്ന തുക ഇനി മുതൽ അവരുടെ ചെറിയൊരു സമ്പാദ്യമായി മാറും. അത് ഓരോ സ്ത്രീയുടെയും ആത്മവിശ്വാസവും മനക്കരുത്തും വർധിപ്പിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
യുഡിഎഫ് മുന്നോട്ടുവെച്ച ‘ഇന്ദിരാ ഗ്യാരണ്ടി’ പദ്ധതികളുടെ ഭാഗമായാണ് പ്രിയദർശിനി നടപ്പാക്കുന്നത്. സമൂഹത്തിലെ എല്ലാവരെയും ചേർത്തുപിടിച്ച് മുന്നോട്ട് പോകുകയെന്നതാണ് പുതുയുഗ കേരളത്തിലേക്കുള്ള യാത്രയിൽ ഈ സർക്കാരിന്റെ നയമെന്നും, നൽകിയ വാഗ്ദാനങ്ങൾ ഓരോന്നായി സർക്കാർ പാലിക്കുമെന്നും മുഖ്യമന്ത്രി ജനങ്ങൾക്ക് ഉറപ്പുനൽകി.
യാത്രക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
ആർക്കൊക്കെ ലഭ്യമാകും: പ്രായഭേദമന്യേ എല്ലാ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും ഈ സൗജന്യ സേവനം ഉപയോഗിക്കാം. വരുമാന പരിധിയോ മറ്റ് മാനദണ്ഡങ്ങളോ ബാധകമല്ല.
ബസ് കാറ്റഗറികൾ: സിറ്റി ഓർഡിനറി, ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി, ടൗൺ ടു ടൗൺ, പോയിന്റ് ടു പോയിന്റ്, ഗ്രാമവണ്ടി ഉൾപ്പെടെയുള്ള 7 കാറ്റഗറി ബസുകളിൽ സൗജന്യ യാത്ര ലഭ്യമാണ്.
സീറോ ടിക്കറ്റ് നിർബന്ധം: യാത്ര തികച്ചും സൗജന്യമാണെങ്കിലും ബസിൽ കയറുന്നവർ കണ്ടക്ടറിൽ നിന്ന് ‘സീറോ വാല്യൂ’ (പ്രിയദർശിനി) ടിക്കറ്റ് കൈപ്പറ്റണം. ടിക്കറ്റില്ലാതെ യാത്ര ചെയ്താൽ 500 രൂപ പിഴ ഈടാക്കുന്നതായിരിക്കും.
