തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ, മെയ് അഞ്ചിന് മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞയ്ക്കായി പന്തലിടാൻ നിർദ്ദേശം നൽകിയെന്ന വാർത്തയ്ക്കെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം മനോജ്. മംഗളം പത്രത്തിൽ എസ്. നാരായണൻ റിപ്പോർട്ട് ചെയ്ത വാർത്ത അടിസ്ഥാനരഹിതമാണെന്നും ജനാധിപത്യപരമായ നടപടിക്രമങ്ങളെ കുറിച്ചുള്ള അജ്ഞതയാണ് ഇത്തരം വാർത്തകൾക്ക് പിന്നിലെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
”മണ്ടത്തരമോ അല്പത്തരമോ ശുദ്ധ വിവരക്കേടോ അതോ അതിസാമർത്ഥ്യമോ എന്നറിയില്ല” എന്നാണ് വാർത്തയോടുള്ള മനോജിന്റെ പ്രതികരണം. ഇന്ത്യയിലെ നിലവിലെ നിയമവ്യവസ്ഥയും നടപടിക്രമങ്ങളും അനുസരിച്ച് വോട്ടെണ്ണൽ കഴിഞ്ഞ് തൊട്ടടുത്ത ദിവസം സത്യപ്രതിജ്ഞ നടക്കുക എന്നത് പ്രായോഗികമല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സർക്കാർ രൂപീകരണത്തിന് പാലിക്കേണ്ട 6 ഘട്ടങ്ങൾ
തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് ശേഷം സത്യപ്രതിജ്ഞ വരെ പാലിക്കേണ്ട ഔദ്യോഗിക നടപടിക്രമങ്ങൾ പി.എം മനോജ് തന്റെ കുറിപ്പിൽ വിശദീകരിക്കുന്നു:
ഫലപ്രഖ്യാപനം: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഓരോ മണ്ഡലത്തിലെയും വിജയികളെ ഔദ്യോഗികമായി പ്രഖ്യാപിക്കണം. ഭൂരിപക്ഷം ലഭിച്ച പാർട്ടി ഏതെന്ന് വ്യക്തമാകണം.
പാർട്ടി/മുന്നണി ചർച്ചകൾ: വിജയിച്ച പാർട്ടിയോ മുന്നണിയോ അടിയന്തര യോഗങ്ങൾ ചേരണം. സംസ്ഥാന-ദേശീയ നേതൃത്വങ്ങൾ ഇതിൽ പങ്കാളികളാകും.
നേതൃനിർണ്ണയം: നിയമസഭാ കക്ഷിയോഗം വിളിച്ച് എം.എൽ.എമാർ അവരുടെ നേതാവിനെ (മുഖ്യമന്ത്രിയെ) ഔദ്യോഗികമായി തിരഞ്ഞെടുക്കണം.
ഗവർണറെ സമീപിക്കൽ: തിരഞ്ഞെടുക്കപ്പെട്ട നേതാവ് ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കണം. എം.എൽ.എമാരുടെ പിന്തുണ കത്തുകൾ സമർപ്പിക്കണം.
ഗവർണറുടെ ക്ഷണം: ഭൂരിപക്ഷം ബോധ്യപ്പെട്ടാൽ ഗവർണർ നേതാവിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കും.
സത്യപ്രതിജ്ഞ: ഗവർണർ നിശ്ചയിക്കുന്ന സമയത്ത് രാജ്ഭവനിലോ നിശ്ചയിച്ച വേദികളിലോ വെച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും.
ഈ നടപടിക്രമങ്ങളെല്ലാം നിലനിൽക്കെയാണ് മെയ് 4-ന് ഫലം വന്ന് അഞ്ചാം തീയതി സത്യപ്രതിജ്ഞ നടക്കുമെന്ന തരത്തിലുള്ള പ്രചാരണം നടക്കുന്നത്. ഇത്രയും കാര്യങ്ങൾ അറിയാത്തവരാണോ വാർത്തകൾ ചമയ്ക്കുന്നതെന്ന് അദ്ദേഹം പരിഹസിച്ചു.