കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം പടിവാതിൽക്കൽ നിൽക്കെ, സി.പി.എം സ്ഥാനാർത്ഥി പട്ടികയിലെ മാറ്റങ്ങൾ പാർട്ടിക്കുള്ളിൽ പുകയുന്നു. ചരിത്ര ഭൂരിപക്ഷത്തിൽ വിജയിപ്പിച്ച മട്ടന്നൂർ മണ്ഡലം വിട്ടുനൽകാൻ കഴിയില്ലെന്ന ഉറച്ച നിലപാടിലായിരുന്നു. കെ.കെ. ശൈലജ. നേതൃത്വം നിർബന്ധപൂർവ്വം പേരാവൂരിലേക്ക് അയക്കുന്നതിൽ കടുത്ത നിരാശയിലാണ് ശൈലജ.
സെക്രട്ടേറിയറ്റിൽ വികാരാധീനയായി ടീച്ചർ
കഴിഞ്ഞ ദിവസം ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ ശൈലജ ടീച്ചർ തന്റെ അതൃപ്തി തുറന്നു പ്രകടിപ്പിച്ചതായാണ് വിവരം. “എന്തിനാണ് എന്നെ മാത്രം ഒറ്റപ്പെടുത്തുന്നത്?” എന്ന വികാരനിർഭരമായ ചോദ്യം നേതൃത്വത്തിന് മുന്നിൽ അവർ ഉന്നയിച്ചു. മട്ടന്നൂരിൽ തന്നെ തുടരാൻ അനുവദിക്കണമെന്ന് അവർ ആഗ്രഹിച്ചിരുന്നെങ്കിലും, ‘ടേം വ്യവസ്ഥ’യും പുതുമുഖങ്ങളെ ഇറക്കാനുള്ള പാർട്ടി തീരുമാനവും ശൈലജക്ക് തിരിച്ചടിയായി.
മട്ടന്നൂർ എന്ന സുരക്ഷിത താവളം നഷ്ടമായി
2021-ൽ 60,000-ത്തിന് മുകളിൽ വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷത്തിലാണ് ശൈലജ മട്ടന്നൂരിൽ നിന്ന് ജയിച്ചത്. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജിനെ മട്ടന്നൂരിൽ ഇറക്കാനാണ് പാർട്ടി തീരുമാനം. സുരക്ഷിതമായ ഒരു മണ്ഡലം വിട്ട്, യു.ഡി.എഫ് തുടർച്ചയായി മൂന്ന് തവണ വിജയിച്ച പേരാവൂരിലേക്ക് പോകുന്നത് വലിയൊരു ‘അഗ്നിപരീക്ഷ’യായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
പേരാവൂരിലെ വെല്ലുവിളി: സണ്ണി ജോസഫും പഴയ പരാജയവും
സണ്ണി ജോസഫിനോട് 2011-ൽ തോറ്റ മണ്ഡലത്തിലേക്ക് വീണ്ടും മടങ്ങിയെത്തുന്നത് ശൈലജക്ക് വെല്ലുവിളിയാണ്. 3440 വോട്ടിനാണ് സിറ്റിംഗ് എം എൽ എ ആയ ശൈലജ 2011 ൽ സണ്ണി ജോസഫിനോട് പരാജയപ്പെട്ടത്. 2016 ൽ സണ്ണിയെ പേടിച്ച് മട്ടന്നൂരിൽ അഭയം തേടുകയായിരുന്നു ശൈലജ. ആ ശൈലജയെ ആണ് പിണറായി തിരിച്ച് പേരാവൂരിലേക്ക് ഓടിച്ചത്.