തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ സി.പി.എമ്മിനുള്ളിൽ വെള്ളാപ്പള്ളി നടേശനെതിരെ ശക്തമായ വികാരം ഉയരുന്നതിനിടെ, അദ്ദേഹത്തെ ചേർത്തുപിടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രി പൗരപ്രമുഖർക്കായി ഒരുക്കിയ ക്രിസ്മസ് വിരുന്നിൽ പ്രധാന ആകർഷണമായി വെള്ളാപ്പള്ളി മാറിയത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്.
തദ്ദേശ ഭരണ തിരഞ്ഞെടുപ്പിലെ എൽ.ഡി.എഫിന്റെ ദയനീയ പരാജയത്തിന് കാരണം വെള്ളാപ്പള്ളിയെ മുഖ്യമന്ത്രി അമിതമായി ചേർത്തുനിർത്തുന്നതാണെന്ന നരേറ്റീവ് സി.പി.എമ്മിലെ ഒരു വിഭാഗം സജീവമാക്കിയിരുന്നു. എന്നാൽ, ഈ വിമർശനങ്ങളെ പാടെ തള്ളിക്കളയുന്നതാണ് മുഖ്യമന്ത്രിയുടെ പുതിയ നീക്കം.
വിമർശനങ്ങളുമായി പാർട്ടി സഹയാത്രികർ
സി.പി.എമ്മിന് വേണ്ടി ചാനലുകളിൽ സജീവമായി സംസാരിക്കുന്ന റെജി ലൂക്കോസ് ഉൾപ്പെടെയുള്ളവർ ഫേസ്ബുക്കിലൂടെ വെള്ളാപ്പള്ളിക്കെതിരെ രൂക്ഷമായ വിമർശനമാണ് ഉന്നയിച്ചത്.
”എൽ.ഡി.എഫിനെ ജനങ്ങൾ ശിക്ഷിച്ചതിൽ വെള്ളാപ്പള്ളിയുടെ പങ്ക് വലുതാണ്. നാടുനീളെ വർഗീയ വിദ്വേഷ പ്രസംഗങ്ങൾ നടത്തി അദ്ദേഹം ജനങ്ങളെ വെറുപ്പിച്ചു. ബി.ജെ.പിക്ക് വേണ്ടി ബി.ഡി.ജെ.എസ് ഉണ്ടാക്കിയ ഒരാൾ എൽ.ഡി.എഫിനെ പിന്തുണയ്ക്കുന്നത് വെറും കപടതയാണ്,” എന്ന് റെജി ലൂക്കോസ് കുറ്റപ്പെടുത്തി. കേരളത്തിൽ ഇസ്ലാമോഫോബിയ വളർത്തുന്നതിൽ ഈ ‘വർഗീയവാദി’ കാര്യമായ സംഭാവന നൽകിയെന്നും അദ്ദേഹം ആരോപിച്ചു.
ചേർത്തുനിർത്തി മുഖ്യമന്ത്രി
നേരത്തെ ആഗോള അയ്യപ്പ സംഗമത്തിലും വെള്ളാപ്പള്ളിയെ മുഖ്യമന്ത്രി ഒപ്പം കൂട്ടിയിരുന്നു. മുഖ്യമന്ത്രിയുടെ കാറിലാണ് അന്ന് അദ്ദേഹം വേദിയിലെത്തിയത്. തിരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം വെള്ളാപ്പള്ളിയെ മുഖ്യമന്ത്രി അകറ്റിനിർത്തുമെന്ന് കരുതിയ പാർട്ടിയിലെ ‘വെള്ളാപ്പള്ളി വിരുദ്ധർക്ക്’ ക്രിസ്മസ് വിരുന്നിലൂടെ പിണറായി വിജയൻ വ്യക്തമായ സന്ദേശം നൽകിയിരിക്കുകയാണ്. വെള്ളാപ്പള്ളിയെ മാറ്റി നിർത്തുന്ന ഒരു പരിപാടിക്കും പിണറായി തയ്യാറല്ല എന്ന് വ്യക്തം. അതിൻ്റെ പിന്നിലെ കാരണം പാർട്ടി സഖാക്കൾക്ക് പോലും മനസിലായിട്ടില്ല. വെള്ളാപ്പള്ളി മകൻ തുഷാർ കേന്ദ്രം ഭരിക്കുന്ന എൻ.ഡി.എ മുന്നണിയിലാണ്. തുഷാർ വഴി പിണറായി നടത്തുന്ന ഡൽഹി ഓപ്പറേഷൻ ഒന്നും റെജി ലൂക്കോസിനെ പോലുള്ള ചാനൽ സഖാക്കൾക്ക് തെരിയില്ല എന്ന് വ്യക്തം.