ആലപ്പുഴ: കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലയുടെ മാതാവ് എൻ. ദേവകിയമ്മയുടെ വിയോഗത്തിൽ അനുശോചനം അറിയിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഹരിപ്പാട്ടെ വീട്ടിലെത്തി. മന്ത്രി സജി ചെറിയാന്റെ അകമ്പടിയോടെയാണ് മുഖ്യമന്ത്രി ചെന്നിത്തലയുടെ വീട്ടിലെത്തിയത്.
പരേതനായ വി. രാമകൃഷ്ണൻ നായരുടെ (ചെന്നിത്തല മഹാത്മാ ഹൈസ്കൂൾ മുൻ മാനേജർ, അധ്യാപകൻ) ഭാര്യയും മുൻ ചെന്നിത്തല പഞ്ചായത്തംഗവുമായിരുന്നു കഴിഞ്ഞ ആഴ്ച അന്തരിച്ച എൻ. ദേവകിയമ്മ. ഇന്ന് രാവിലെയായിരുന്നു മരണാനന്തര ചടങ്ങുകൾ. ഇതിന് ശേഷമാണ് മുഖ്യമന്ത്രി പിണറായി വിജയൻ ചെന്നിത്തല തൃപ്പരുന്തുറ കോട്ടൂർ കിഴക്കേതിൽ വീട്ടിലെത്തിയത്.
രമേശ് ചെന്നിത്തലയെയും കുടുംബാംഗങ്ങളെയും നേരിൽ കണ്ട് മുഖ്യമന്ത്രി അനുശോചനം അറിയിച്ചു. കുറച്ച് സമയം അവിടെ ചെലവഴിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്. മുഖ്യമന്ത്രിയുടെ സന്ദർശനം രാഷ്ട്രീയ ഭിന്നതകൾക്കപ്പുറമുള്ള വ്യക്തിബന്ധങ്ങളുടെ ആഴം വ്യക്തമാക്കുന്നതായി.
![]()
