തിരുവനന്തപുരം: 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പരമാവധി സീറ്റുകളിൽ മത്സരിക്കാൻ തയ്യാറെടുത്ത് സി.പി.എം. ഇതിന്റെ ഭാഗമായി നിലവിൽ ഘടകകക്ഷിയായ ജനാധിപത്യ കേരള കോൺഗ്രസിൻ്റെ കൈവശമുള്ള തിരുവനന്തപുരം സീറ്റ് സി.പി.എം ഏറ്റെടുക്കും. നിലവിലെ എം.എൽ.എ ആൻ്റണി രാജുവിന് കേസുമായി ബന്ധപ്പെട്ട് നേരിടുന്ന തിരിച്ചടിയാണ് സീറ്റ് ഏറ്റെടുക്കാനുള്ള പ്രധാന കാരണം.
തിരുവനന്തപുരത്ത് സി.പി.എമ്മിൻ്റെ മുതിർന്ന വനിതാ നേതാവ് ടി.എൻ സീമ, തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യാ രാജേന്ദ്രൻ എന്നിവരെയാണ് പ്രധാനമായും പരിഗണിക്കുന്നത്. പാർട്ടി സെക്രട്ടറി എം.എ ബേബി, തോമസ് ഐസക് എന്നിവരുടെ പിന്തുണ ടി.എൻ സീമയ്ക്കുണ്ട്. മുഖ്യമന്ത്രിയുടെ മരുമകനും മന്ത്രിയുമായ മുഹമ്മദ് റിയാസാണ് ആര്യാ രാജേന്ദ്രനുവേണ്ടി രംഗത്തുള്ളത്.
ആന്റണി രാജുവിന് വിനയായ കേസ്:
മുൻമന്ത്രികൂടിയായ ആൻ്റണി രാജു രണ്ടാംപ്രതിയായ തൊണ്ടിമുതൽ തിരിമറിക്കേസിൽ കൂടുതൽ കടുത്ത വകുപ്പുകൾ ചുമത്തണമെന്ന ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചതാണ് നിർണ്ണായകമായത്. ഇതിൽ തീർപ്പുണ്ടാകുന്നതുവരെ വിചാരണാ കോടതി നടപടികൾ തടഞ്ഞ ഹൈക്കോടതി, അടുത്ത മാസം 20-നുള്ളിൽ വിചാരണ പൂർത്തിയാക്കണമെന്ന സുപ്രീം കോടതിയുടെ ഉത്തരവ് നിലനിൽക്കെയാണ് നിർണ്ണായകമായ ഇടപെടൽ നടത്തിയത്.
1989-ൽ അടിവസ്ത്രത്തിൽ ഒളിപ്പിച്ച ലഹരിയുമായി തിരുവനന്തപുരം വിമാനത്താവളത്തിൽ അറസ്റ്റിലായ ഓസ്‌ട്രേലിയക്കാരൻ ആൻഡ്രൂ സാൽവദോറിനെ രക്ഷിക്കാൻ കേസിലെ തൊണ്ടിയായ അടിവസ്ത്രം വെട്ടിത്തയ്ച്ചു ചെറുതാക്കിയ കേസിലാണ് ആൻ്റണി രാജു വിചാരണ നേരിടുന്നത്. തൊണ്ടിമുതൽ സൂക്ഷിക്കാൻ ചുമതലയുണ്ടായിരുന്ന കോടതി ജീവനക്കാരൻ കെ.എസ് ജോസ് ഒന്നാം പ്രതിയും, അഭിഭാഷകനായിരിക്കെ ലഹരികടത്ത് കേസിലെ തൊണ്ടിമുതലായിരുന്ന അടിവസ്ത്രം ഒന്നാം പ്രതിയെ സ്വാധീനിച്ച് കൈക്കലാക്കിയ ആൻ്റണി രാജു രണ്ടാം പ്രതിയുമാണ്. ഒന്നാം പ്രതിക്കെതിരെ പുതിയ വഞ്ചനാക്കുറ്റംകൂടി വന്നാൽ അത് ആൻ്റണി രാജുവിനും ബാധകമാകും. വിചാരണ കോടതി ശിക്ഷിച്ചതിനെ തുടർന്ന് അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ച പ്രതി പിന്നീട് കുറ്റവിമുക്തനായി രാജ്യം വിടുകയായിരുന്നു
![]()
