തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഏറെ ശ്രദ്ധേയമായ ‘ആദം നീ എവിടെയാകുന്നു?’ എന്ന പുസ്തകത്തിന്റെ ഇംഗ്ലീഷ് പരിഭാഷ വിപണിയിലെത്തി. ‘Adam, Where Art Thou?’ എന്ന പേരിൽ പ്രമുഖ പ്രസാധകരായ ഡിസി ബുക്സാണ് പുസ്തകം അന്താരാഷ്ട്ര വായനാസമൂഹത്തിനായി പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഹൈന്ദവ വിശ്വാസിയായ ഒരു ജനകീയ നേതാവ് ബൈബിളിനെ ആസ്പദമാക്കി നടത്തിയ പ്രഭാഷണങ്ങൾ, റൗഫ് റൂമി എന്ന മുസ്ലിം എഴുത്തുകാരി ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നടത്തി പുറത്തിറക്കി എന്ന സവിശേഷതയാണ് ഈ പുസ്തകത്തെ സാംസ്കാരിക കേരളത്തിൽ സമാനതകളില്ലാത്ത മാതൃകയാക്കി മാറ്റുന്നത്. ഭിന്നിപ്പുകളുടെ കാലത്ത് കേരളം ഉയർത്തിപ്പിടിക്കുന്ന മതസൗഹാർദ്ദത്തിന്റെയും മതേതരത്വത്തിന്റെയും അടയാളമായി ഈ ഗ്രന്ഥം വിലയിരുത്തപ്പെടുന്നു.
മലയാളത്തിൽ പ്രസിദ്ധീകരിച്ച് മൂന്ന് മാസത്തിനകം തന്നെ ബെസ്റ്റ് സെല്ലർ പട്ടികയിൽ ഇടംപിടിച്ച പുസ്തകമാണ് ഇപ്പോൾ ഇംഗ്ലീഷിലേക്ക് എത്തിയത്. ബൈബിളിലെ ഉല്പത്തി പുസ്തകത്തിൽ ദൈവം ആദത്തോട് ചോദിക്കുന്ന “ആദം, നീ എവിടെയാകുന്നു?” എന്ന പ്രശസ്തമായ വാക്യത്തെ ആസ്പദമാക്കിയാണ് ഗ്രന്ഥത്തിന്റെ നാമകരണം. കേവലമൊരു മതപരമായ ചോദ്യത്തിനപ്പുറം, സഹജീവികളോടും സമൂഹത്തോടും മനുഷ്യനുള്ള കടമയെക്കുറിച്ചുള്ള ആത്മപരിശോധനയാണ് ഈ പ്രഭാഷണങ്ങൾ പങ്കുവെക്കുന്നത്.
വി.ഡി. സതീശന്റെ ആശയങ്ങളെയും വാഗ്ധോരണിയെയും ഒട്ടും ചോർന്നുപോകാതെ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത് റൗഫ് റൂമിയാണ്. പ്രസംഗങ്ങളെ പുസ്തകരൂപത്തിൽ കൃത്യതയോടെ ചിട്ടപ്പെടുത്തിയെടുക്കാൻ അദ്ദേഹത്തിന്റെ മീഡിയ സെക്രട്ടറി റോയ് മാത്യു നിർണ്ണായക പങ്കുവഹിച്ചു. അരുൺ ഗോകുലാണ് ആകർഷകമായ കവർ ഡിസൈൻ നിർവ്വഹിച്ചിരിക്കുന്നത്. 198 പേജുകളുള്ള പുസ്തകത്തിന് 349 രൂപയാണ് വില. പുസ്തകശാലകൾക്ക് പുറമെ ഇ-ബുക്കായും ഇത് ലഭ്യമാണ്.
