തിരുവനന്തപുരം: സംസ്ഥാനത്തെ ചൂടുപിടിച്ച വൈദ്യുതി കരാർ തർക്കങ്ങൾക്കും കെഎസ്ഇബി മുൻ ചെയർമാൻ എം.ജി. രാജമാണിക്യത്തിന്റെ സ്ഥാനചലനത്തിനും പിന്നിലെ യഥാർത്ഥ വസ്തുതകൾ പുറത്തുവരുന്നു. പീക് മണിക്കൂറുകളിൽ 864 MW മുതൽ 1280 MW വരെ വൈദ്യുതി ലഭിക്കുമെന്ന കെഎസ്ഇബി വാദം സാങ്കൽപ്പികം മാത്രമാണെന്ന് തെളിയിക്കുന്നതാണ് പുറത്തുവന്ന ഔദ്യോഗിക രേഖകൾ.
ദിവസം മുൻപ് മാത്രം അറിയുന്ന വിതരണം
ഹിമാചൽ പ്രദേശ് ബോർഡ് സമർപ്പിച്ച പ്രൊപ്പോസലിലെ “Supply period and Duration (Hrs)” എന്ന ഭാഗത്ത് വ്യക്തമാക്കുന്നത് ഇപ്രകാരമാണ്:
“Upto 1300 MW from various sources of GOHP share of power (as per generation profile to be informed on Day ahead basis) from November 26 to May 27. For the months November 26 to May 26.”
അതായത് തലേദിവസം അറിയിക്കുന്നതിനനുസരിച്ച് മാത്രമേ എത്ര വൈദ്യുതി ലഭിക്കുമെന്ന് ഉറപ്പുപറയാൻ സാധിക്കൂ. വൈദ്യുതി നൽകുന്നവർക്ക് തന്നെ ലഭ്യതയെക്കുറിച്ച് വ്യക്തതയില്ലാത്ത അവസ്ഥയിൽ, ഈ കരാറിലൂടെ പീക് അവറുകൾ സുരക്ഷിതമാണെന്ന് അവകാശപ്പെട്ടവർക്കെതിരെ ചോദ്യങ്ങൾ ഉയരുകയാണ്.
മുഖ്യമന്ത്രിയുടെ ചോദ്യാവലിയും ചെയർമാന്റെ മറുപടിയും
ഫയൽ മുഖ്യമന്ത്രിയുടെ മുന്നിലെത്തിയപ്പോൾ വൈകുന്നേരം 18:00 മണി മുതൽ 23:00 മണി വരെയുള്ള പീക് അവറുകളിൽ എത്ര വൈദ്യുതി ലഭിക്കും എന്നതിനെക്കുറിച്ച് സംശയം ഉന്നയിച്ചിരുന്നു:
“With respect to the proposal submitted by the Government of Himachal Pradesh, the requisite details pertaining to power provided during the Peak Hours of 1800 hours to 2300 hours are not seen.”
ഇതിനെ തുടർന്ന് മുൻ ചെയർമാൻ നൽകിയ മറുപടി നോട്ട് പ്രകാരം പീക് അവറുകളിലെ (18:30–22:30) ശരാശരി വൈദ്യുതി ലഭ്യത താഴെ പറയുന്ന വിധമാണ്:
- നവംബർ 2026: 719 MW
- ഡിസംബർ 2026: 402 MW
- ജനുവരി 2027: 213 MW
- ഫെബ്രുവരി 2027: 193 MW
- മാർച്ച് 2027: 378 MW
- ഏപ്രിൽ 2027: 991 MW
- മേയ് 2027: 324 MW
500 കോടിയിലധികം അധിക ബാധ്യത
രേഖകൾ പരിശോധിച്ചാൽ ഡിസംബർ, ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ പീക് അവറുകളിലെ ശരാശരി സപ്ലൈ 500 MW-ൽ താഴെ മാത്രമാണെന്ന് വ്യക്തമാണ്.
സോളാർ ലഭ്യമല്ലാത്ത രാത്രികാലങ്ങളിലെ ഈ കടുത്ത ക്ഷാമം പരിഹരിക്കാൻ കെഎസ്ഇബിക്ക് പുറത്തുനിന്ന് ഉയർന്ന നിരക്കിൽ കൂടുതൽ വൈദ്യുതി വാങ്ങേണ്ടി വരും. ഉദാഹരണത്തിന്, ജനുവരി മാസത്തിൽ മാത്രം യൂണിറ്റിന് 10 രൂപ നിരക്കിൽ 300 MW വൈദ്യുതി 4 മണിക്കൂർ വാങ്ങിയാൽ തന്നെ 36 കോടി രൂപയുടെ അധികച്ചെലവ് വരും. ഡിസംബർ, ഫെബ്രുവരി, മാർച്ച് മാസങ്ങളിലെ തുക കൂടി കണക്കാക്കുമ്പോൾ, നവംബറിലെ നേട്ടം ഒഴിച്ചാൽ സർക്കാരിനും കെഎസ്ഇബിനും 500 കോടി രൂപയിലധികം അധിക സാമ്പത്തിക ബാധ്യത വരുത്തിവെക്കുന്നതാണ് ഈ നീക്കം.
