ന്യൂഡൽഹി/തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇൻഡ്യ (INDIA) സഖ്യം രാജ്യതലസ്ഥാനത്ത് സംഘടിപ്പിച്ച ബൃഹത്തായ ‘ചലോ ദില്ലി’ മാർച്ചിൽ പങ്കടുക്കാതെ മുതിർന്ന സി.പി.ഐ.എം നേതാവും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ. ഡൽഹിയിലെ രാംലീല മൈതാനിയിൽ നടന്ന പ്രതിഷേധ സംഗമത്തിൽ പ്രതിപക്ഷ നിരയിലെ പ്രമുഖ നേതാക്കളെല്ലാം അണിനിരന്നപ്പോഴും പിണറായി വിജയന്റെ അഭാവം രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.
പ്രതിഷേധ റാലിയിൽ പങ്കെടുത്തില്ലെന്ന് മാത്രമല്ല, വിഷയത്തിൽ ഫേസ്ബുക്ക് ഉൾപ്പെടെയുള്ള സാമൂഹ്യമാധ്യമങ്ങളിലൂടെ ഒരു വരി പ്രതികരണം പോലും നടത്താൻ അദ്ദേഹം തയ്യാറായിട്ടില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനങ്ങൾക്കെതിരെയും അപാകതകൾക്കെതിരെയും പ്രതിപക്ഷം ദേശീയതലത്തിൽ ഇന്ന് നടത്തിയ ചലോ ദില്ലി രാജ്യാന്തര തലത്തിൽ വരെ വൻ ചർച്ചയായി മാറി.
ഗ്യാനേഷ് കുമാറിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് ഉറച്ചുനിൽക്കുന്ന കേന്ദ്ര സർക്കാരിനെയും ബി.ജെ.പി നേതൃത്വത്തെയും നേരിട്ട് എതിർക്കാൻ പിണറായി വിജയന് ഭയമാണെന്ന ഗുരുതരമായ ആക്ഷേപമാണ് ഇതോടെ ഉയർന്നുവരുന്നത്. കേന്ദ്ര അന്വേഷണ ഏജൻസികളെയും കേന്ദ്ര ഭരണകൂടത്തെയും ഭയക്കുന്നതിനാലാണ് പിണറായി വിജയൻ ഇൻഡ്യ സഖ്യത്തിന്റെ നിർണായക സമരത്തിൽ നിന്നും ഒളിച്ചോടിയത് എന്ന ആക്ഷേപമാണ് ഉയരുന്നത്.
