തിരുവനന്തപുരം: റിപ്പോർട്ടർ ടി.വി.യുടെ പ്രധാന മുഖവും മുതിർന്ന മാധ്യമപ്രവർത്തകനുമായ ഡോ. അരുൺ കുമാർ ചാനൽ മാറാൻ ഒരുങ്ങുന്നതായി സൂചന. ഇടത് ആഭിമുഖ്യമുള്ള കൈരളി ടി.വി.യിലേക്കാണ് അദ്ദേഹത്തിന്റെ അടുത്ത ചുവടുവെപ്പ്.
അരുൺ കുമാറിന്റെ ഈ വരവിനോട് കൈരളി ടി.വി. മാനേജിംഗ് ഡയറക്ടറും രാജ്യസഭാ എം.പിയുമായ ജോൺ ബ്രിട്ടാസിന് താല്പര്യമില്ലെന്നാണ് പുറത്തുവരുന്ന വിവരം. ചാനലിലെ ആധിപത്യവും നയപരമായ തീരുമാനങ്ങളും മുൻനിർത്തി ഈ നീക്കത്തിന് തടയിടാൻ ബ്രിട്ടാസ് ഇറങ്ങിയിട്ടുണ്ട്.
ഇതോടെ, കൈരളിയിൽ എത്തണമെങ്കിൽ പിണറായി വിജയന്റെ നേരിട്ടുള്ള ഇടപെടലും പച്ചക്കൊടിയും അരുൺ കുമാറിന് അത്യാവശ്യമായി മാറിയിരിക്കുകയാണ്.പാർട്ടിക്കുള്ളിലെയും കൈരളി മാനേജ്‌മെന്റിലെയും അന്തിമ തീരുമാനം പിണറായി വിജയന്റെ കൈകളിലാണ്.
കൈരളി ടി.വി.യിലേക്കുള്ള വഴി അടയുകയാണെങ്കിൽ, മാധ്യമരംഗത്ത് സജീവമായി നിൽക്കാൻ മറ്റു ബദൽ മാർഗ്ഗങ്ങളും അരുൺ കുമാറിന് മുന്നിലുണ്ട്. ന്യൂസ് മലയാളം, ബിഗ് ടി.വി. തുടങ്ങിയ മറ്റ് മുൻനിര ചാനലുകളിലേക്ക് അദ്ദേഹം ചേക്കേറാനുള്ള സാധ്യതകളും തള്ളിക്കളയാനാവില്ല. അടുത്ത ദിവസങ്ങളിൽ തന്നെ ഇതുസംബന്ധിച്ച അന്തിമ ചിത്രം വ്യക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
