തിരുവനന്തപുരം: കേരളത്തിൽ പിണറായി സർക്കാരിനെ തൂത്തെറിഞ്ഞ ജനവിധിക്ക് മേൽ കരിനിഴൽ വീഴ്ത്തി കോൺഗ്രസിലെ അധികാര തർക്കം തെരുവിലേക്ക്. ജനപ്രീതിയിൽ ഒന്നാമനായ വി.ഡി. സതീശനെ മുഖ്യമന്ത്രി കസേരയിൽ വാഴിക്കാതിരിക്കാൻ ഡൽഹി കേന്ദ്രീകരിച്ച് വമ്പൻ ഗൂഢാലോചന നടക്കുന്നതായാണ് സൂചന. ടൈംസ് ഓഫ് ഇന്ത്യ ഇന്ന് പ്രസിദ്ധീകരിച്ച എഡിറ്റോറിയൽ റിപ്പോർട്ട് കോൺഗ്രസ് ഹൈക്കമാൻഡിന് നേരെ വിരൽ ചൂണ്ടുന്നതാണ്.
ജനവിധി സതീശന് വേണ്ടി: വോട്ടർമാർ യുഡിഎഫിനെ വിജയിപ്പിച്ചത് സതീശൻ എന്ന മുഖം നോക്കിയാണെന്നും, അത് അംഗീകരിക്കാത്തത് ജനങ്ങളെ വഞ്ചിക്കുന്നതിന് തുല്യമാണെന്നും റിപ്പോർട്ട് പരിഹസിക്കുന്നു.
വെല്ലുവിളിയുമായി ഗ്രൂപ്പ് രാജാക്കന്മാർ: ജനപിന്തുണയില്ലാത്ത പഴയ ഗ്രൂപ്പ് നേതാക്കളും ഡൽഹിയിലെ സ്വാധീനശക്തികളും ചേർന്ന് സതീശന്റെ വഴി തടയാൻ ശ്രമിക്കുന്നത് പാർട്ടിയെ ആത്മഹത്യയിലേക്ക് നയിക്കുമെന്ന് ലേഖകൻ പികെ യാസർ അറഫാത്ത് മുന്നറിയിപ്പ് നൽകുന്നു.
രാജസ്ഥാൻ ആവർത്തിക്കുമോ?: സച്ചിൻ പൈലറ്റിനെ വെട്ടി അശോക് ഗെഹ്‌ലോട്ടിനെ വാഴിച്ച രാജസ്ഥാനിലെയും, മധ്യപ്രദേശിലെയും പരാജയ ചരിത്രം കേരളത്തിലും ആവർത്തിക്കാനാണോ ഹൈക്കമാൻഡ് നീക്കമെന്ന ചോദ്യം ശക്തമാണ്.
മുസ്ലിം-ക്രിസ്ത്യൻ വോട്ടുകളുടെ കരുത്ത്: എൽഡിഎഫിന്റെ ‘ഭൂരിപക്ഷ വർഗീയ’ കാർഡിനെ സതീശൻ നേരിട്ട രീതി ന്യൂനപക്ഷങ്ങൾക്കിടയിൽ വലിയ വിശ്വാസം ഉണ്ടാക്കിയിട്ടുണ്ട്. ഇത് തകർക്കാൻ ശ്രമിക്കുന്നത് പാർട്ടിയുടെ അടിത്തറ ഇളക്കുമെന്ന് എഡിറ്റോറിയൽ നിരീക്ഷിക്കുന്നു.
ഹൈക്കമാൻഡിന്റെ ഒത്തുതീർപ്പ് രാഷ്ട്രീയം കേരളത്തിൽ നടപ്പിലാക്കിയാൽ അത് കോൺഗ്രസിന്റെ അന്ത്യകൂദാശയാകുമെന്ന കർശന മുന്നറിയിപ്പാണ് ദേശീയ മാധ്യമം നൽകുന്നത്.
