തിരുവനന്തപുരം: ഒരുകാലത്ത് സി.പി.എം ആഘോഷപൂർവ്വം കൊണ്ടാടപ്പെട്ട ആര്യ രാജേന്ദ്രൻ ഇന്ന് പാർട്ടിക്ക് അനഭിമതയാകുന്നോ? തിരുവനന്തപുരം കോർപ്പറേഷൻ ഭരണം കൈവിട്ടതോടെ ആര്യയെ പാർട്ടിയും കൈവിട്ടെന്ന സൂചനകളാണ് പുറത്തുവരുന്നത്. എം.എ. ബേബി പങ്കെടുത്ത പൊതുസമ്മേളനത്തിൽ ഒരു സാധാരണ കാഴ്ചക്കാരിയായി, കൈക്കുഞ്ഞുമായി നിൽക്കേണ്ടി വന്ന ആര്യയുടെ ചിത്രം രാഷ്ട്രീയ കേരളത്തിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.
അഹങ്കാരത്തിന് കിട്ടിയ തിരിച്ചടിയോ?
തിരുവനന്തപുരം മേയറായിരുന്ന കാലത്ത് ആര്യ രാജേന്ദ്രനും ഭർത്താവും ബാലുശ്ശേരി എം.എൽ.എയുമായ സച്ചിൻ ദേവും കാട്ടിയ ‘അഹങ്കാരമാണ്’ ഇന്നത്തെ ഈ അവസ്ഥയ്ക്ക് കാരണമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. കെ.എസ്.ആർ.ടി.സി ഡ്രൈവർ യദുവുമായി റോഡിൽ വെച്ച് നടത്തിയ തർക്കവും, തുടർന്ന് ആ പാവം തൊഴിലാളിയുടെ ജോലി തെറിച്ചതും ജനമനസ്സുകളിൽ ആര്യയ്ക്കും സച്ചിനുമെതിരെ വലിയ പ്രതിഷേധം ഉണ്ടാക്കിയിരുന്നു. “യദുവിന്റെ ശാപം” ആര്യയെ വേട്ടയാടി തുടങ്ങിയെന്നാണ് സോഷ്യൽ മീഡിയയിലെ സംസാരം.
വേദിയില്ല, മുൻനിരയുമില്ല; കാഴ്ചക്കാരിയായി ആര്യ
സി.പി.എം മുൻ പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി പങ്കെടുത്ത, വി. ശിവൻകുട്ടിക്ക് വേണ്ടിയുള്ള പൊതുസമ്മേളനത്തിൽ ആര്യ രാജേന്ദ്രന് നേരിടേണ്ടി വന്ന അവഗണന പാർട്ടി പ്രവർത്തകർക്കിടയിൽ പോലും സംസാരവിഷയമായിരിക്കുകയാണ്. മേയറായിരുന്ന കാലത്ത് വിവിഐപി പരിഗണന ലഭിച്ചിരുന്ന ആര്യ, ഇത്തവണ സദസ്സിൽ കൈക്കുഞ്ഞുമായി വെറുമൊരു കാഴ്ചക്കാരിയായി നിൽക്കുന്ന കാഴ്ചയാണ് കണ്ടത്. ജില്ലാ കമ്മിറ്റി അംഗം എന്ന പദവിയിൽ ഇരിക്കുമ്പോഴും മുൻനിരയിൽ പോലും ആര്യയ്ക്ക് ഇടം ലഭിച്ചില്ല എന്നത് രാഷ്ട്രീയ നിരീക്ഷകർ ഗൗരവത്തോടെയാണ് കാണുന്നത്.
തിരുവനന്തപുരം കോർപ്പറേഷനിൽ ബി.ജെ.പി അധികാരം പിടിച്ചെടുത്തത് സി.പി.എമ്മിന് വലിയ ആഘാതമായിരുന്നു. ആര്യ രാജേന്ദ്രന്റെ ഭരണശൈലിയും ജനങ്ങളോടുള്ള സമീപനവുമാണ് ഈ പരാജയത്തിന് കാരണമെന്ന വിലയിരുത്തൽ പാർട്ടിക്കുള്ളിലുണ്ട്. കെ.എസ്.ആർ.ടി.സി ഡ്രൈവർ യദുവുമായുള്ള നടുറോഡിലെ തർക്കവും, തുടർന്നുണ്ടായ വിവാദങ്ങളും ആര്യയുടെ പ്രതിച്ഛായക്ക് വലിയ മങ്ങലേൽപ്പിച്ചു. അധികാരത്തിന്റെ തണലിൽ ആര്യയും ഭർത്താവും എം.എൽ.എയുമായ സച്ചിൻ ദേവും കാണിച്ച ‘അഹങ്കാരത്തിന്’ ജനങ്ങൾ നൽകിയ ശിക്ഷയാണ് കോർപ്പറേഷൻ ഭരണനഷ്ടമെന്നാണ് പൊതു സംസാരം.
ആര്യയ്ക്ക് പിന്നാലെ ഭർത്താവ് സച്ചിൻ ദേവ് എം.എൽ.എയുടെ രാഷ്ട്രീയ ഭാവിയും ആശങ്കയിലാണെന്ന റിപ്പോർട്ടുകളാണ് ബാലുശ്ശേരിയിൽ നിന്ന് വരുന്നത്. വീണ്ടും ജനവിധി തേടുന്ന സച്ചിൻ ദേവിനെതിരെ ശക്തമായ വികാരം മണ്ഡലത്തിലുണ്ടെന്നാണ് സൂചന. ഡ്രൈവർ യദുവിന്റെ ജോലി നഷ്ടപ്പെട്ടതും ആര്യയുടെയും സച്ചിൻ ദേവിൻ്റേയും അഹങ്കാരവും ബാലുശ്ശേരിയിലെ വോട്ടർമാരെയും സ്വാധീനിക്കും എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.
![]()
