തിരുവനന്തപുരം: കോൺഗ്രസ് വിട്ട് ചുവപ്പൻ കോട്ടയിലെത്തിയാൽ നിയമസഭയിലേക്കോ പാർലമെന്റിലേക്കോ ഒരു ടിക്കറ്റ് ഉറപ്പാക്കാമെന്ന് കരുതിയവർക്ക് നിരാശ. വലിയ കൊട്ടിഘോഷങ്ങളോടെ സി.പി.എമ്മിൽ ചേക്കേറിയ പി. സരിൻ ഉൾപ്പെടെയുള്ള നേതാക്കളെ ഇത്തവണത്തെ സ്ഥാനാർത്ഥി പട്ടികയിൽ നിന്നും സി.പി.എം ഒഴിവാക്കി. കോൺഗ്രസ് വിട്ടുവരുന്നവരെ സ്വീകരിക്കുമെങ്കിലും അവർക്ക് സുരക്ഷിതമായ രാഷ്ട്രീയ ഭാവി നൽകുന്നതിൽ സി.പി.എം കാണിക്കുന്ന ‘അമിത ജാഗ്രത’ ഇപ്പോൾ രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയാവുകയാണ്.
സരിന് ലഭിച്ചത് തഴയൽ മാത്രം
പാലക്കാട് നിയമസഭാ സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടർന്ന് കോൺഗ്രസിൽ നിന്നും പടിയിറങ്ങിയ പി. സരിൻ സി.പി.എം സ്വതന്ത്രനായി മത്സരിച്ചെങ്കിലും വിജയിക്കാനായിരുന്നില്ല. ഇത്തവണ സരിന് അർഹമായ പരിഗണന ലഭിക്കുമെന്ന് അനുയായികൾ പ്രതീക്ഷിച്ചിരുന്നെങ്കിലും സ്ഥാനാർത്ഥി പട്ടികയിൽ സരിന്റെ പേര് എങ്ങും കണ്ടില്ല. ഇത് സരിനെ വിശ്വസിച്ച് ഒപ്പം പോയ പ്രവർത്തകർക്കിടയിലും അമർഷമുണ്ടാക്കിയിട്ടുണ്ട്.
പട്ടികക്ക് പുറത്തായ പ്രമുഖർ
സരിൻ മാത്രമല്ല, കോൺഗ്രസിന്റെ പടിക്കുപുറത്തുവന്ന ഒരു നിര നേതാക്കൾ തന്നെ ഇപ്പോൾ സൈഡ് ബെഞ്ചിലാണ്:
- കെ.പി. അനിൽകുമാർ & പി.എസ്. പ്രശാന്ത്: കോൺഗ്രസ് വിട്ട് സി.പി.എമ്മിലെത്തിയ ചില കസേരകൾ ലഭിച്ചെങ്കിലും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ അർഹമായ പരിഗണന ലഭിച്ചില്ല.
- രതികുമാർ, ശോഭന ജോർജ്, എ.കെ. ഷാനിബ്: ഇവരെയും സി.പി.എം പരിഗണിച്ചതേയില്ല.
- കെ.വി. തോമസ്: മുഖ്യമന്ത്രി പിണറായി വിജയന്റെ അതിവിശ്വസ്തനായി മാറിയിട്ടും, സി.പി.എം അംഗത്വം എടുക്കാത്ത കെ.വി. തോമസിന് ഡൽഹിയിലെ പ്രത്യേക പ്രതിനിധി പദവി നൽകിയതല്ലാതെ സജീവ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് തിരികെ കൊണ്ടുവരാൻ പാർട്ടി തയ്യാറായില്ല.
ലതിക സുഭാഷിന്റെ പതനം
കോൺഗ്രസിൽ നിന്നും രാജിവെച്ച് എൻ.സി.പിയിൽ ചേർന്ന ലതിക സുഭാഷിന്റെ അവസ്ഥയും സമാനമാണ്. നിയമസഭാ സീറ്റ് പ്രതീക്ഷിച്ചെത്തിയ അവരെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുകയാണ് എൽ.ഡി.എഫ് ചെയ്തത്. എന്നാൽ അവിടെ പരാജയപ്പെട്ടതോടെ അവരുടെ രാഷ്ട്രീയ സ്വാധീനത്തിനും മങ്ങലേറ്റു.
അടിത്തട്ടിൽ അമർഷം
കാലങ്ങളായി പാർട്ടിക്കായി ചോരയും നീരും നൽകിയ പ്രവർത്തകരെ മറികടന്ന് ‘കൂടുമാറി’ വരുന്നവർക്ക് സീറ്റ് നൽകുന്നതിനെതിരെ സി.പി.എമ്മിനുള്ളിൽ തന്നെ ശക്തമായ എതിർപ്പുണ്ട്. ഈ വികാരം മാനിച്ചാണ് നേതൃത്വം ഇത്തവണ ഇത്തരക്കാരെ മാറ്റിനിർത്തിയത് എന്നാണ് സൂചന. “ഉപയോഗിച്ച് കഴിഞ്ഞ് വലിച്ചെറിയുന്ന കറിവേപ്പില” പോലെയാണ് കോൺഗ്രസ് വിമതരുടെ അവസ്ഥയെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
![]()
