കൊച്ചി: കേരള ബാങ്കിൽ വിവിധ തസ്തികകളിൽ ജോലി ചെയ്യുന്ന താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കത്തിന് ഹൈക്കോടതിയുടെ സ്റ്റേ. ബാസിൽ ജോർജ് പോൾ, ശ്യാം കുമാരൻ എന്നിവർ സമർപ്പിച്ച ഹർജി (WP(C) No. 9287/2026) പരിഗണിച്ചാണ് ജസ്റ്റിസ് എൻ. നഗരേഷിന്റെ സിംഗിൾ ബെഞ്ച് ഈ സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്.
ഡ്രൈവർമാർ, ഇലക്ട്രീഷ്യൻ, എ.സി ഓപ്പറേറ്റർ തുടങ്ങിയ തസ്തികകളിൽ ജോലി ചെയ്യുന്ന 24 ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കമാണ് കോടതി തടഞ്ഞത്. കോടതിയുടെ പ്രത്യേക അനുമതിയില്ലാതെ ഇത്തരത്തിൽ യാതൊരുവിധ സ്ഥിരപ്പെടുത്തലും നടത്താൻ പാടില്ലെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
കേരള ബാങ്കിലെ നേരിട്ടുള്ള നിയമനങ്ങൾ പബ്ലിക് സർവീസ് കമ്മീഷൻ (PSC) വഴി നടത്തണമെന്ന ചട്ടം നിലനിൽക്കെ, പിൻവാതിൽ നിയമനങ്ങളിലൂടെ താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നത് ഭരണഘടനാ വിരുദ്ധമാണെന്നായിരുന്നു ഹർജിക്കാരുടെ വാദം. കേസിൽ എതിർകക്ഷികളായ സർക്കാർ വകുപ്പുകൾക്കും കേരള ബാങ്ക് അധികൃതർക്കും നോട്ടീസ് അയക്കാൻ ഉത്തരവിട്ട കോടതി, കേസ് കൂടുതൽ വാദത്തിനായി മാർച്ച് 16-ലേക്ക് മാറ്റി.
![]()
