തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണമാറ്റം ഉറപ്പായതോടെ തന്ത്രപ്രധാനമായ സർക്കാർ പദവികളിൽ വേണ്ടപ്പെട്ടവരെ പ്രതിഷ്ടിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വൻ നീക്കം. പിണറായി വിജയന്റെ ‘കുഞ്ഞ്’ എന്നറിയപ്പെടുന്ന കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് (KAS) ഉദ്യോഗസ്ഥരെ ഉപയോഗിച്ച് ഭരണം മാറിയാലും ഭരണയന്ത്രം നിയന്ത്രിക്കാനുള്ള ‘ഷാഡോ ക്യാബിനറ്റ്’ പദ്ധതിയാണ് അണിയറയിൽ ഒരുങ്ങുന്നത്.
31 തസ്തികകൾ; ചീഫ് സെക്രട്ടറിക്ക് നേരിട്ട് നിർദ്ദേശം
ഭരണം മാറിയാലും മിഡിൽ ലെവൽ ഉദ്യോഗസ്ഥരിലൂടെ നയപരമായ തീരുമാനങ്ങളെ സ്വാധീനിക്കാനാണ് സി.പി.എം ലക്ഷ്യമിടുന്നത്. ഇതിനായി 31 ഡെപ്യൂട്ടേഷൻ തസ്തികകൾ KAS കാർക്കായി അടിയന്തരമായി കണ്ടെത്തി റിപ്പോർട്ട് നൽകാൻ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്ക് കർശന നിർദ്ദേശം നൽകിക്കഴിഞ്ഞു. ഐ.എ.എസ് ഉദ്യോഗസ്ഥർ ഇരിക്കുന്ന കസേരകളിലേക്ക് പോലും KAS കേഡറിലുള്ള പാർട്ടി വിശ്വസ്തരെ എത്തിക്കാനാണ് നീക്കം.
വിഴിഞ്ഞം ലക്ഷ്യമിട്ട് സി.പി.എം; DYFI നേതാവിന്റെ ഭാര്യയ്ക്ക് നിയമനം
അന്താരാഷ്ട്ര പ്രാധാന്യമുള്ള വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ നിയന്ത്രണം കൈപ്പിടിയിലൊതുക്കാൻ പുതിയ ഡെപ്യൂട്ടേഷൻ തസ്തിക സൃഷ്ടിക്കാനാണ് നീക്കം. ഈ തസ്തികയിലേക്ക് DYFI നേതാവ് ഷിജുഖാൻ്റെ ഭാര്യയെ നിയമിക്കാൻ ധാരണയായതായാണ് സൂചനകൾ. വിഴിഞ്ഞം പോലൊരു തന്ത്രപ്രധാന മേഖലയിൽ ഇവരെ പ്രതിഷ്ഠിക്കുന്നത് വഴി ഭാവിയിലെ വികസന പ്രവർത്തനങ്ങളിലും കരാറുകളിലും സി.പി.എമ്മിന് നേരിട്ട് ഇടപെടാൻ സാധിക്കും.
ലക്ഷ്യം ‘നിഴൽ ഭരണം’
ഭരണം നഷ്ടപ്പെട്ടാലും സെക്രട്ടേറിയറ്റിലും പ്രധാന വകുപ്പുകളിലും തങ്ങളുടെ ആളുകൾ ഉണ്ടെന്ന് ഉറപ്പുവരുത്തുകയാണ് ഈ നീക്കത്തിലൂടെ സർക്കാർ ചെയ്യുന്നത്.
![]()
